ബെംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ നാസ, ഐഎസ്ആര്‍ഒ, നാവികസേന, എന്‍ഡിആര്‍എഫ് സംഘങ്ങളുടെ യോജിച്ച പ്രവര്‍ത്തനമാണ് ഫലം കണ്ടത്. നാസയിലെ തന്റെ സുഹൃത്തിന് അപകടത്തിന്റെ വിശദാംശങ്ങള്‍ അയച്ചെന്നും സുഹൃത്ത് നല്കിയ ടോപോഗ്രഫി ചാര്‍ട്ട് ഐഎസ്ആര്‍ഒ സംഘത്തിന് നല്‍കുകയായിരുന്നുവെന്നും എസ്പി നാരായണന് പറഞ്ഞു. ടോപോഗ്രഫി ചാര്‍ട്ട് വിശദമായി പരിശോധിച്ച ഐഎസ്ആര്‍ഒ സംഘമാണ് ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 16നാണ് മണ്ണിടിച്ചിലുണ്ടായത്. സമീപത്തെ ചായക്കടയടക്കം ഒലിച്ചുപോയി. സംഭവത്തില്‍ ഏഴ്പേരെ കാണാതായെന്ന് സംശയമുണ്ടെന്നായിരുന്നു ആദ്യത്തെ വിവരം. സംഭവസമയം ചായകുടിക്കാനായി ആളുകള്‍ ഈ കടയിലുണ്ടായിരുന്നതായി യാത്രക്കാരും പറഞ്ഞിരുന്നു. ദേശീയപാതയുടെ മറുവശം ഗംഗാവലി പുഴയാണ്. മണ്ണിടിഞ്ഞ് മഴവെള്ളത്തോടൊപ്പം പുഴയിലേക്ക് ഒഴുകിപ്പോയ നിലയിലായിരുന്നു.
ഈ ഒഴുക്കില്‍ ആളുകള്‍ പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, ഈ ഘട്ടത്തിലൊന്നും അര്ജുന് അപകടത്തില്‍പ്പെട്ടെന്ന വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. റോഡരികില്‍ ചായക്കട നടത്തിവന്ന ലക്ഷ്മണ് നായക് (47), ഭാര്യ ശാന്തി (36), മകന് റോഷന് (11), മകള്‍ അവന്തിക (6), ലോറി ഡ്രൈവര്‍മാരും തമിഴ്നാട് സ്വദേശികളുമായ മുരുകന്, ചിന്ന എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം കണ്ടെടുത്തത്. ജൂലൈ 18നാണ് അര്ജുന് മണ്ണിടിച്ചിലില്‍ പെട്ടതായുള്ള വിവരം സ്ഥിരീകരിക്കുന്നത്.
പിന്നീട് ഇതുവരെ അര്ജുന് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള രക്ഷാദൗത്യമാണ് നടക്കുന്നത്. ഗംഗാവലിക്കടിയില് കണ്ടെത്തിയത് ഭാരത് ബെന്‍സ് ലോറിയാണെന്നും ഇത് കാണാതായ അര്‍ജുന്റേതാണെന്നും പോലീസും സ്ഥിരീകരിച്ചതോടെ പ്രതീക്ഷയുടെ നേരിയ വെളിച്ചമാണ് അര്‍ജുന്റെ കുടുംബത്തിന് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: