കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിർമ്മാതാവ് സജി മോൻ പാറയിലിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഒരാഴ്ചത്തേയ്‌ക്കാണ് ഹൈക്കോടതി നടപടി. സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാനായിരുന്നു സർക്കാർ തീരുമാനം. ഇത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്.
2019 ഡിസംബർ 31 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പുറത്തുവന്നാൽ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്നും കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് അധ്യക്ഷ തന്നെ കത്ത് നൽകിയെന്നും തെളിവുകളില്ലാതെയുള്ള ആരോപണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വയ്‌ക്കാനാകില്ലെന്നുമൊക്കെ ന്യായീകരണങ്ങൾ പരസ്യമായും രഹസ്യമായും പറഞ്ഞാണ് സർക്കാർ നേരത്തെ റിപ്പോർട്ട് പൂഴ്‌ത്തിയത്
2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്‌ക്കുള്ളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കുന്നതിന് ഹേമ കമ്മീഷൻ നിയമിക്കുന്നത്. തുടർന്ന് അതേ വർഷം ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിക്കുകയായിരുന്നു. തുടർന്ന് തൊഴിൽ അന്തരീക്ഷവും സിനിമാ മേഖലയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും അന്വേഷിക്കാൻ സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ദർ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്കുള്ള സൗകര്യമില്ലാത്തതിന്റെ പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം തുടങ്ങിയവും കമ്മീഷൻ റിപ്പോട്ടിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: