വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന് പിന്മാറിയതിന് പിന്നാലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണയുമായി ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികള്‍. അനാരോഗ്യം മൂലം ബൈഡന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോഴും പകരമായി കമല ഹാരിസിനെയായിരുന്നു നിര്‍ദേശിച്ചിരുന്നത്. കമലയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് വന്നെന്നാണ് ഡെമോക്രാറ്റിക് അനുകൂലികള്‍ പ്രതികരിച്ചത്.
ഡെമോക്രാറ്റിക് അനുകൂലികളുടെ പിന്തുണ തനിക്കാണെന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കയാണെന്നും അവര്‍ പറഞ്ഞു. യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ഇതിനോടകം തന്നെ പരസ്യമായി കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 1986 ഡെമോക്രാറ്റിക് പ്രതിനിധികള്‍ പിന്തുണച്ചാല്‍ മാത്രമേ കമലയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കൂ. നിലവില്‍ 531 പേരുടെ പിന്തുണയുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബൈഡനു പകരം സ്ഥാനാര്‍ത്ഥിയാകാന്‍ നേരത്തെ സാധ്യത കല്പിച്ചിരുന്ന ജോ മാഞ്ചിന്, ജോഷ് ഷാപിറോ, ഗാവിന് ന്യൂസം തുടങ്ങിയവരും കമലയെ പിന്തുണച്ച് രംഗത്തെത്തി. ആഗസ്ത് 19ന് ആരംഭിക്കുന്ന ദേശീയ കണ്‍വന്‍ഷനു മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി ഡെലിഗേറ്റുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പു നടത്തിയേക്കുമെന്നാണ് സൂചന. കമലയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചാല്‍ ഹിലരി ക്ലിന്റനുശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാകും. ജയിച്ചാല്‍ യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും ഈ പദവിയിലേക്കെത്തുന്ന ആദ്യ ഭാരത വംശജയെന്ന ബഹുമതിയും കമലയ്ക്ക് സ്വന്തമാകും.
അതേസമയം ഒബാമയുടെ ഭാര്യ മിഷേല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ജനപ്രതിനിധി സഭയുടെ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ മിഷേലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിക്കളയാനാകില്ല.
എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന് പിന്മാറിയതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കമല ഹാരിസിന്റെ പേരു ചേര്‍ത്തു പുതിയ ലോഗോ പുറത്തുവിട്ടിട്ടുണ്ട് ‘ലെറ്റ്സ് വിന് ദിസ്’, ഹാരിസ് ഫോര്‍ പ്രസിഡന്റ് എന്നെഴുതിയ പുതിയ ലോഗോയാണ് പുറത്തുവിട്ടത്. കമലയ്ക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ പാര്‍ട്ടിക്ക് 4.6 കോടി ഡോളര്‍ സമാഹരിക്കാനായെന്ന് ഡെമോക്രാറ്റിക് ധനസമാഹരണ സംഘടനയായ ആക്ട്ബ്ലൂ അറിയിച്ചു. കമലയുടെ തെരഞ്ഞൈടുപ്പ് പ്രചാരണവും ഏറെ ശക്തി പ്രാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: