ബേണ്‍: കരുനീക്കങ്ങള്‍ക്ക് ധാരാളം സമയം അനുവദിക്കുന്ന ക്ലാസിക്കല്‍ റൗണ്ടില്‍ അഞ്ച് കളിയില്‍ ഒരു ജയം മാത്രം നേടി പിറകിലായ പ്രജ്ഞാനന്ദ പക്ഷെ ബ്ലിറ്റ്സില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി തിരിച്ചുവന്നു. അതിവേഗം കരുക്കള്‍ നീക്കേണ്ട ബ്ലിറ്റ്സില്‍ 10ല്‍ ഏഴ് പോയിന്റ് നേടി പ്രജ്ഞാനന്ദ സ്വിറ്റ്സര്‍ലാന്റില്‍ നടക്കുന്ന 57ാം ബിയല്‍ ചെസ് മാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചു.
പോയിന്റ് നിലയില്‍ പിന്നിലായിരുന്ന പ്രജ്ഞാനന്ദയ്ക്ക് ക്ലാസിക്ക് വിഭാഗത്തിലെ അഞ്ചാം റൗണ്ടില്‍ വിജയം കൂടിയേ തീരു എന്നതായിരുന്നു സ്ഥിതി. അതോടെ ശനിയാഴ്ച അഞ്ചാം റൗണ്ടില്‍ പ്രജ്ഞാനന്ദ ആക്രമണത്തിന് പ്രാധാന്യം നല്കിയിലുള്ള റിസ്കെടുത്തുള്ള കളിയിലൂടെ അമേരിക്കയുടെ ഗ്രാന്റ് മാസ്റ്റര്‍ സാം ഷാങ്ക് ലാന്റിനെ തോല്പിച്ചു. ഇരുവരും തമ്മിലുള്ള മത്സരത്തില്‍ 12ാം നീക്കത്തില്‍ അപകടകരമായ ആന്റി-ബെര്‍ലിന്‍ എന്ന അപകടം ക്ഷണിച്ചുവരുത്തുന്ന നീക്കമാണ് പ്രജ്ഞാനന്ദ നടത്തിയത്. രാജ്ഞിയെ (ക്വീന്‍) ഡി2 എന്ന കോളത്തിലേക്ക് എത്തിക്കുന്ന നീക്കമായിരുന്നു ഇത്. ഇതോടെ ഇ4 കളത്തിലെ കാലാളിനെ കുതിര കൊണ്ട് വെട്ടി സാം ഷാങ്ക് ലാന്റ്. അവിടുന്നങ്ങോട്ട് ഇരുവരും നിരവധി കരുക്കളെ വെട്ടിമാറ്റി. അതിനിടെ ഒരു തേരിനെ (റൂക്ക്) ബലി കഴിച്ച് ആനയെ (ബിഷപ്പ്) വെട്ടിയെടുത്ത നീക്കത്തില്‍ സാം ഷാങ്ക് ലാന്റ് ദുര്‍ബലനായിപ്പോയി. ആക്രമണവും അതിനൊത്തവിധമുള്ള പ്രതിരോധവും നിറച്ചുള്ള കളിയായിരുന്നു പ്രജ്ഞാനന്ദയുടേത്. ഓരോ കരുനീക്കങ്ങളിലും ആക്രമണത്തിന്റെ കുന്തമുന. അതായിരുന്നു പ്രജ്ഞാനന്ദയുടെ ലൈന്‍. അതിനനുസരിച്ച് സാം ഷാങ്ക് ലാന്റ് പ്രതിരോധത്തിലേക്ക് ചുരുണ്ടുകൂടി.
ഈ പോരാട്ടത്തിലെ എന്‍ഡ് ഗെയിമില്‍ പ്രജ്ഞാനന്ദയക്ക് രണ്ടും തേരുകളും സാം ഷാങ്ക് ലാന്റിന് രണ്ട് ആനകളും (ബിഷപ്) അവശേഷിച്ചു. സാം ഷാങ്ക് ലാന്റിന് അഞ്ച് കാലാളുണ്ടെങ്കില്‍ പ്രജ്ഞാനന്ദയ്ക്ക് മൂന്ന് കാലാളുകള്‍ മാത്രം. അതിശക്തമായ കാലാള്‍ നിരകളായിരുന്നു സാം ഷാങ്ക് ലാന്റിന്റേത്. വളരെ ശ്രമകരമായ ഈ എന്‍ഡ് ഗെയിമില്‍ വിജയം സാധ്യമാക്കി എന്നതായിരുന്നു പ്രജ്ഞാനന്ദയുടെ വിജയം. ഇതോടെ പ്രജ്ഞാനന്ദ 12 പോയിന്റുകളോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
ഞായറാഴ്ച നടന്ന ബ്ലിറ്റ്സ് വിഭാഗത്തിലെ 10 കളികളില്‍ കൂടുതല്‍ ഗെയിമുകള്‍ വിജയിച്ച് ആദ്യ നാല് സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടം പിടിച്ചാല്‍ മാത്രമേ ഫൈനലിലേക്ക് സാധ്യതയുള്ളൂ എന്നായതോടെ ബ്ലിറ്റ്സിലും പ്രജ്ഞാനന്ദ വിജയം മാത്രം ലക്ഷ്യം എന്ന മനസ്സോടെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. അത് ഫലം കണ്ടു. ക്ലാസിക്കല്‍ ഗെയിമിന് ശേഷം പ്രജ്ഞാനന്ദയേക്കാള്‍ ഒന്നര പോയിന്റ് അധികമുള്ള ജര്‍മ്മനിയുടെ വിന്‍സെന്റ് കെയ്മറെ പിന്നിലാക്കിയാല്‍ മാത്രമേ പ്രജ്ഞാനന്ദയ്ക്ക് ആദ്യ നാല് സ്ഥാനത്തിനുള്ളില്‍ ഇടം പിടിച്ച് ഫൈനലിലേക്ക് കടക്കാന്‍ കഴിയൂ എന്നതിനാല്‍ വിന്‍സെന്റ് കെയ്മറുമായുള്ള രണ്ട് ബ്ലിറ്റ്സ് ഗെയിമിലും പ്രജ്ഞാനന്ദ തന്റെ മികച്ച കളി പുറത്തെടുത്തു എന്ന് മാത്രമല്ല, രണ്ടിലും അസാധാരണ വിജയവും കൊയ്തു. ബ്ലിറ്റ്സില്‍ ഇപ്പോള്‍ ഒന്നാമത് നില്ക്കുന്ന ലെ ലിയാങിനെയും പ്രജ്ഞാനന്ദ തോല്പിച്ചു. അതുപോലെ ക്ലാസിക്കലില്‍ പ്രജ്ഞാനന്ദയെ തോല്പിച്ച് ഞെട്ടലുണ്ടാക്കിയ ചെസിലെ പ്രതിഭയായ 15 കാരന് അഭിമന്യുമിശ്രയെ രണ്ട് തവണ ബ്ലിറ്റ്സില്‍ പ്രജ്ഞാനന്ദ തോല്പിച്ച് പകരം വീട്ടുകയും ചെയ്തു.
വിന്‍സെന്റ് കെയ്മറാകട്ടെ, വിയറ്റ്നാമിന്റെ ലെ ക്വാം ലിയെം, അമേരിക്കയുടെ സാം ഷാങ്ക് ലാന്റ്, എന്നിവരുമായുള്ള രണ്ട് വീതം ബ്ലിറ്റ് സ് ഗെയിമുകളില്‍ തോല്‍ക്കുകയും ചെയ്തു. 10ല്‍ ആകെ രണ്ട് പോയിന്റ് മാത്രമാണ് വിന്‍സെന്റ് കെയ്മറിന് നേടാനായത്. ഇതോടെ വിന്‍സെന്റ് കെയ്മര്‍ വെറും 15.5 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഫൈനലിലേക്ക് കടക്കാനാവാതെ പുറത്തായി.
ഇന്ത്യന്‍ വംശജനായ അഭിമന്യു മിശ്രയും ബ്ലിറ്റ്സില്‍ മോശം പ്രകടനമാണ് നടത്തിയതെങ്കിലും നേരത്തെ ക്ലാസിക്കല്‍ ഗെയിമില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തതിനാല്‍ ഫൈനലില്‍ കടന്നു. പ്രജ്ഞാനന്ദയെപ്പോലെ 15കാരനായ അഭിമന്യു മിശ്രയ്ക്കും 19 പോയിന്റാണ്.
ഫൈനലിലേക്ക് ലെ ലിയാങ്ങ്, പ്രജ്ഞാനന്ദ, അഭിമന്യു മിശ്ര, ഹെയ്ക് മര്‍തിറോസ്യന്‍ എന്നിവര്‍; ആര്‍ക്കും ജയിക്കാം
57ാം ബിയല്‍ മാസ്റ്റേഴ്സില്‍ ട്രയാത്ലൊണ്‍ ശൈലിയാണ് ഇക്കുറി പരീക്ഷിച്ചത്. റാപ്പിഡ്, ക്ലാസിക്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നായി കൂടുതല്‍ പോയിന്റുകള്‍ നേടുന്ന നാല് കളിക്കാര്‍ക്കാണ് ഫൈനലില്‍ കടക്കാനാവുക. ഇപ്പോള്‍ 24 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് ലെ ക്വാം ലിയാങ്ങ്. 21 പോയിന്റ് നേടി ഹെയ്ക് മര്‍തിറോസ്യന്‍ രണ്ടാം സ്ഥാനത്തും 19 പോയിന്റ് വീതം നേടി പ്രജ്ഞാനന്ദ മൂന്നാമതും അഭിമന്യു മിശ്ര നാലാമതും നില്ക്കുന്നു. ഇനി ഫൈനലില്‍ ഓരോ കളിക്കാരനും മറ്റ് മൂന്ന് പേരുമായി രണ്ട് റൗണ്ട് വീതം മത്സരിക്കും. അതായത് ഒരാള്‍ക്ക് ആറ് കളികളും ജയിച്ചാല്‍ 12 പോയിന്റുകള്‍ വീതം നേടാനാവും. അതായത് ഇപ്പോള്‍ പോയിന്റ് നിലകളില്‍ അധികം വ്യത്യാസമില്ലാത്തതിനാല്‍ ഈ നാല് പേരില്‍ ആര്‍ക്ക് വേണമെങ്കിലും കിരീടം നേടാം എന്നതാണ് സ്ഥിതി. വിയറ്റ്നാമന്റെ ലെ ക്വാം ലിയാങ് ആണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: