ന്യൂദൽഹി: ഉത്തരകന്നഡയിലെ അങ്കോള-ഷിരൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി തന്നെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
ഉച്ചയോടെ സൈന്യം സ്ഥലത്ത് എത്തും. ബെൽഗാമിൽ നിന്നുള്ള 60 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തുക. മണ്ണിടിച്ചിൽ നടന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള സൈനികരാണ് എത്തുക. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും അർജുന്റെ കുടുംബം കത്തയച്ചിരുന്നു.
കേരളത്തിൽ നിന്നുള്ള സന്നദ്ധ സംഘടനകളെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുപ്പിക്കണമെന്നും അവർക്ക് അനുമതി നൽകണമെന്നും കുടുബം കത്തിൽ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും. അതേസമയം, ഷിരൂരില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.
അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: