കോഴിക്കോട്: മികച്ച സാമൂഹ്യ പ്രവര്‍ത്തകനായിരിക്കെ പഠിപ്പിലും മികവ് പ്രകടിപ്പിച്ച് അഡ്വ.കെ.പി. പ്രകാശ് ബാബു നിയമ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടി. കണ്ണൂര്‍ യൂണിവേഴ്സിറ്റി ജൂണില്‍ നടത്തിയ 2022-24 ബാച്ച് എല്‍എല്‍എം ക്രിമിനല്‍ ലോയില്‍ ഒന്നാം റാങ്കില്‍ വിജയിക്കുമ്പോള്‍ മറ്റൊരു മാതൃകകൂടി സൃഷ്ടിച്ചിരിക്കുകാണ് ബിജെപിയിലെ ഈ യുവനേതാവ്.
ഇതേ യൂണിവേഴ്സിറ്റിയില്‍ നിന്ന് പ്രകാശ് ബാബു രണ്ടാംറാങ്കോടെയാണ് എല്‍എല്‍ബി പാസായത്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുതന്നെ ഭരണഘടനാ നിയമത്തിലും അഡ്മിനിസ്ട്രേറ്റീവ് നിയമത്തിലും എല്‍എല്‍എം നേടിയിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ക്രിമിനല്‍ നിയമത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. ഇങ്ങനെ, രാഷ്ട്രീയ നേതാക്കളുടെ നിയമപഠനത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് പ്രകാശ് ബാബു.
എല്‍എല്‍എം റാങ്ക് പ്രകാശ്ബാബു അച്ഛന് സമര്‍പ്പിച്ചു. ഈ നേട്ടത്തിന് പ്രേരണയും കാരണക്കാരനുമായ അച്ഛന് ജീവനോടെ ഇല്ലാത്ത വേദന പങ്കുവെച്ച് പ്രകാശ് ബാബു സാമൂഹ്യ മാദ്ധ്യമത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഏറെ ശ്രദ്ധേയമായി. നല്ല മാര്‍ക്കുണ്ടായിട്ടും ആറുപേരില്‍ മറ്റ് അഞ്ചു മക്കളെ പഠിപ്പിക്കാനാവാത്തതിന്റെ വിഷമം പങ്കുവച്ച അച്ഛന് നീയെങ്കിലും ഒന്നാമനായി പഠിച്ചു വളരണം എന്ന് ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്റ പരിണതിയാണ് ഈ റാങ്കെന്ന് പ്രകാശ് ബാബു കുറിപ്പില്‍ പറയുന്നു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ എല്ലാറ്റിലും ഫസ്റ്റ് ക്ലാസ് നേടാനായെങ്കിലും യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നേടണമെന്ന സ്വപ്നം ബാക്കിയായിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ പൂവണിഞ്ഞത്. നേരത്തെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന പ്രകാശ് ബാബു ഇപ്പോള്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. ഒഎന്‍ജിസിയുടെ ഡയറക്ടര്‍ബോര്‍ഡ് അംഗമാണ്.
നാദാപുരം നരിപ്പറ്റ കുറ്റിപൊരിച്ച പറമ്പത്ത് പരേതനായ കണ്ണന്റെയും മാണിയുടെയും മകനാണ്. വാഴയൂര്‍ പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭാഗ്യശ്രീയാണ് ഭാര്യ. ഗൗരി ലക്ഷ്മി, ജാന്വിലക്ഷ്മി എന്നിവര്‍ മക്കളാണ്. ഇപ്പോള്‍ പന്തീരങ്കാവ് പുത്തൂര്‍മഠം താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: