ഏലൂര്‍(കൊച്ചി): രാമായണമാസാചാരണം ഇന്ന് തുടങ്ങുമ്പോള്‍ മോഹന്‍ ഏലൂരിന്റെ രാമായണം കഥകളിയുടെ ചിത്രങ്ങള്‍ അടങ്ങുന്ന പുസ്തകവും വീടുകള്‍ തോറും സഞ്ചാരം തുടങ്ങും. ക്ഷേത്രങ്ങളിലും സാംസ്‌കാരിക വേദികളിലും കോട്ടക്കല്‍ പിഎസ്‌വി സംഘം അവതരിപ്പിച്ച രാമായണ കഥകളിയില്‍ നിന്ന് മോഹന്‍ ഏലൂര്‍ മാസങ്ങള്‍ എടുത്ത് പകര്‍ത്തിയ നടന മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ കഥാരൂപത്തില്‍ പുസ്തകമാക്കിയാണ് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്.
നൂറോളം മള്‍ട്ടികളര്‍ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. 2011ല്‍ ആണ് പ്രദര്‍ശനം തുടങ്ങിയത്. മോഹന്‍ പകര്‍ത്തിയ രാമായണം കഥകളിയുടെ ഫോട്ടോകള്‍ അടങ്ങിയ ചിത്രപുസ്തകം ആവശ്യക്കാര്‍ക്ക് വീടുകളില്‍ കൊടുക്കുകയും അവര്‍ കണ്ടതിനുശേഷം തിരികെ വാങ്ങുകയാണ് രീതി. ഇതുവഴി രാമായണം കഥയും കഥകളിയും മറ്റുള്ളവരില്‍ എത്തിക്കുകയാണ് ലക്ഷ്യം. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഥകളി ചിത്ര പുസ്തകം അയച്ചുകൊടുക്കുകയുണ്ടായി. ഇതിന് പിഎംഒ ഓഫീസില്‍ നിന്ന് നന്ദി പറഞ്ഞ് മോഹനന് മറുപടിയും ലഭിച്ചു.
കഥകളി എവിടെ ഉണ്ടെങ്കിലും അവിടെ മോഹന്‍ കാമറയുമായി എത്തും. കഴിഞ്ഞ 14 വര്‍ഷമായി കഥകളിയെ ഫ്രെയിമില്‍ ആക്കുന്നത് ഒരു ജീവിതചര്യയാക്കി മാറ്റിയിരിക്കുകയാണ്. സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള ഫോട്ടോ ചിത്ര പ്രദര്‍ശനം നടത്തുന്നത് വഴി കഥകളിയെ പുതുതലമുറയ്‌ക്ക് പ്രിയങ്കരമാക്കുകയാണ് മോഹന്റെ ലക്ഷ്യം.











