ന്യൂദല്‍ഹി: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം ക്ഷേത്രം തന്നെയായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സ്ഥിരീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഭോജ്ശാല സമുച്ചയത്തില്‍ എഎസ്‌ഐ നടത്തിയ ശാസ്ത്രീയ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് പഴയ ക്ഷേത്ര ഭാഗങ്ങള്‍ ഉപയോഗിച്ചാണ് നിലവിലുള്ള നിര്‍മ്മിതിയെന്ന് വ്യക്തമാക്കുന്നത്.
ഹിന്ദു ദേവതകളുടെ വികൃതമാക്കിയ 94 ശില്‍പ്പങ്ങള്‍ ഭോജ്ശാലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഒരു വിഗ്രഹത്തിന്റെ വലതു കൈയില്‍ 10 സെന്റീമീറ്റര്‍ നീളവും എട്ട് സെന്റീമീറ്റര്‍ വീതിയുമുള്ള ചാരനിറത്തിലുള്ള ത്രിശൂലം ആലേഖനം ചെയ്തിട്ടുണ്ട്. സരസ്വതി, മഹിഷാസുര മര്‍ദിനി, മഹാഗണപതി, ശ്രീകൃഷ്ണന്‍, വാസുകി, മഹാവിഷ്ണു വിഗ്രഹങ്ങളും നാഗപ്രതിഷ്ഠകളും വികൃതമായ നിലയില്‍ ഇവിടെ നിന്ന് കണ്ടെടുത്തു. പള്ളികളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ അനുവദനീയമല്ല. അതിനാലാകാം രൂപമാറ്റം വരുത്തിയതെന്നാണ് നിഗമനം.
ക്ഷേത്രം പരമാര കാലഘട്ടത്തിലേതാണെന്ന നിഗമനത്തിലാണ്എഎസ്‌ഐ. സമുച്ചയത്തില്‍ കണ്ടെത്തിയ ലിഖിതങ്ങളില്‍ ഭൂരിഭാഗവും ‘ഓം സരസ്വതി നമഃ, ഓം നമഃ ശിവായ’ തുടങ്ങിയവയാണ്. സമുച്ചയത്തിന്റെ ചുവരുകളില്‍ സംസ്‌കൃതത്തിലും പ്രാകൃതത്തിലും വലിയ ലിഖിതങ്ങള്‍ കണ്ടെത്തി. സംസ്‌കൃത ലിഖിതങ്ങള്‍ക്ക് അറബി ലിഖിതങ്ങളേക്കാള്‍ പഴക്കമുണ്ട്.
ഈ മാര്‍ച്ചിലാണ് എഎസ്‌ഐ സര്‍വേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിനെ സമീപിച്ചത് .
പതിനൊന്നാം നൂറ്റാണ്ടിലെ എഎസ്‌ഐ സംരക്ഷിത സ്മാരകമായ ഭോജ്ശാലയെ ഹിന്ദുക്കള്‍ സരസ്വതി ദേവി ക്ഷേത്രമായി കണക്കാക്കുന്നു, മുസ്ലീങ്ങള്‍ അതിനെ കമല്‍ മൗല പള്ളി എന്ന് വിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: