തിരുവനന്തപുരം: പി.എസ്.സി കോഴയാരോപണത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ ഗുഢാലോചന നടന്നതായി ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. നടപടിക്കെതിരെ പാർട്ടി കൺ ട്രോൾ കമ്മിഷനും സംസ്ഥാന സെക്രട്ടറിക്കും കത്ത് നൽകും. കൃത്യമായ തിരക്കഥയുടെ ഭാഗമായാണ് പുറത്താക്കൽ നടപടി. ഈ തിരക്കഥ തയാറാക്കിയത് പാർട്ടിക്ക് ഉള്ളിൽ നിന്നാണോ പുറത്തു നിന്നാണോ എന്നത് വ്യക്തമല്ലെന്നും പ്രമോദ് പറഞ്ഞു.
എന്താണ് നടന്നതെന്ന് കൺട്രോൾ കമ്മീഷന് മുന്നിൽ പ്രമോദ് വിശദീകരിക്കും. സത്യസന്ധത ബോധ്യപ്പെടുത്തണം എന്നതാണ് ലക്ഷ്യമെന്നും അന്വേഷണക്കമ്മീഷൻ തന്റെ ഭാഗം കേട്ടിട്ടില്ലെന്നുമാണ് പ്രമോദ് കോട്ടൂളി പറയുന്നത്. പരാതിക്കാരൻ തന്നെ പണം നൽകിയില്ലെന്ന് പറഞ്ഞു. കൂടുതൽ പറയേണ്ടത് ശ്രീജിത്താണ്. ഗൂഢാലോചന എന്തിന് എന്നത് മാത്രം മനസ്സിലാകുന്നില്ലെന്നും പ്രമോദ് കോട്ടൂളി പറയുന്നു.
വിഷയത്തിൽ പാർട്ടി നിയോഗിച്ച ഒരു അന്വേഷണ കമ്മിഷൻ ഉണ്ടായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലല്ല, നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയത്. ഇത്തരമൊരു വ്യാജ വാർത്ത പരത്തിയത് ആരാണെന്ന് പാർട്ടി അന്വേഷിക്കണമായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രമോദ് പറഞ്ഞു.
ശ്രീജിത്ത് തനിക്ക് ഇതുമായി യാതൊരു പങ്കുമില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അദ്ദേഹവുമായി യായൊരു പണമിടപാടും നടന്നിട്ടില്ല. കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി പാർട്ടിക്ക് പരാതി നൽകും ആരോപണം ഉന്നയിച്ച ആളും പണം വാങ്ങിയ ആളും ഇല്ലെങ്കിൽ ശ്രീജിത്ത് എന്ന വ്യക്തിയെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. തന്നെ അറിയാതെ ആണ് പാർട്ടി യോഗം ചേർന്നത്. പുറത്തായത് താൻ അറിഞ്ഞത് പോലും പത്ര പ്രസ്താവനയിലൂടെയാണെന്നും ഇത് പാർട്ടി രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പിഎസ്‍സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു പി മോഹനന്റെ പ്രതികരണം. പാര്‍ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: