കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സംഘടിപ്പിക്കുന്ന പ്രഫഷണല്‍ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍താരം മോഹന്‍ലാല്‍.
ഒട്ടേറെ മികച്ച പ്രതിഭകള്‍ കേരള ക്രിക്കറ്റില്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ ഒരുങ്ങുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തില്‍ പുതിയൊരു ക്രിക്കറ്റ് സംസ്‌കാരത്തിനു തന്നെ ഇതു വഴിവയ്‌ക്കും. ആവേശകരമായ ലീഗ് മത്സരങ്ങള്‍ക്കായി കാത്തിരിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഐപിഎല്‍ മാതൃകയില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ സപ്തംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക. ലീഗിന്റെ ഇടവേളയില്‍ മലയാളി വനിത ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.
ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താല്‍പര്യപത്രം സമര്‍പ്പിക്കുവാനുള്ള അവസരം 15 വരെയാണ്. കേരള ക്രിക്കറ്റിന്റെ ഭാവി തന്നെ തിരുത്തിക്കുറിക്കുന്ന കേരള ക്രിക്കറ്റ് ലീഗിനൊപ്പം അംബസഡറായി മോഹന്‍ലാല്‍ അണിചേരുന്നത് അഭിമാനകരവും ഏറെ പ്രതീക്ഷ നല്‍കുന്നതുമാണെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജും സെക്രട്ടറി വിനോദ് എസ്.കുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക