പത്തനംതിട്ട: കാപ്പ കേസ് പ്രതിക്കൊപ്പം പാർട്ടിയിൽ ചേര്‍ന്ന യദുകൃഷ്ണനില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സിപി എം വാദം പൊളിച്ച് എക്സൈസ് വകുപ്പിന്റെ റിപ്പോർട്ട്. പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്നും ഇത് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തുവെന്നും പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്കി.
കോന്നി മൈലാടും പാ റ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടിയതെന്ന് എക്സൈസ് അ റിയിച്ചിരുന്നു. എന്നാൽ യദുവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് എക്സൈസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് യദുകൃഷ്ണനും പരാതിപ്പെട്ടു. തന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും യദുകൃഷ്ണന് പറഞ്ഞു. സിപിഎമ്മിലേക്ക് 62 പേര് ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തും എന്നായിരുന്നു മുന്നറിയിപ്പെന്നാണ് സിപിഎമ്മിന്റെ ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന് അടക്കം 62 പേര്‍ക്കൊപ്പം യദുകൃഷ്ണന് സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുകയായിരുന്നു. മന്ത്രി വീണ ജോര്‍ജും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ചേര്‍ന്നാണ് പാര്‍ട്ടിയിലെത്തിയവരെ മാലയിട്ട് സ്വീകരിച്ചത്. ഇതിനിടെ സിപിഐഎമ്മിനെ ആരോപണം തള്ളി പത്തനംതിട്ട എക്സൈസ് ഉദ്യോഗസ്ഥന് അസീസ് രംഗത്തെത്തി. കഞ്ചാവ് പിടിച്ചതിന് പിന്തുണ കിട്ടേണ്ടതിന് പകരം ആരോപണം വരുന്നതില്‍ സങ്കടമെന്ന് ഉദ്യോഗസ്ഥന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: