കൊച്ചി: കേരളത്തിലെ മൂന്ന് സഹോദരന്‍മാര്‍ തലപ്പത്തുള്ള ഒരു ഇലക്ട്രോണിക്സ് സുരക്ഷാകമ്പനിയില്‍ ഓഹരിനിക്ഷേപകര്‍ മുഴുവന്‍ കണ്ണുവെയ്‌ക്കുന്നു. കാരണമെന്താണെന്നോ? 23 ദിവസം കൊണ്ട് ഈ ഓഹരി കുതിച്ചത് 62 രൂപയില്‍ നിന്നും 156 രൂപയിലേക്കാണ്.
പ്രാഥമിക ഓഹരി വിപണിയെ ആശ്രയിക്കാതെ നേരിട്ടാണ് ഈ കേരള ഓഹരി ബോംബെ സ്റ്റാോക്ക് എക്സ്ചേഞ്ചില്‍ ഒരു ഓഹരിക്ക് 62 രൂപ എന്ന നിരക്കില്‍ ലിസ്റ്റ് ചെയ്തത്. തുടർന്നിങ്ങോട്ട് വമ്പൻ കുതിപ്പാണ് നടത്തിയത്. 23 ദിവസത്തില്‍ 62 രൂപയില്‍ നിന്നും 156 രൂപയിലേക്ക് ഉയര്‍ന്നു. കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ കമ്പനി ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങൾ നിർമിക്കുന്ന കമ്പനിയാണ്. ഈ സ്മോൾ ക്യാപ് കമ്പനിയുടെ ഓഹരികൾ. കേവലം മൂന്നാഴ്ച പിന്നിടുമ്പോഴേക്കും 120 ശതമാനത്തോളം നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ചു കഴിഞ്ഞു.
ആഡ്ടെക് സിസ്റ്റംസ് എന്ന കേരള ഓഹരിയെ കുറിച്ചാണ് പറഞ്ഞുവന്നത്. തിരുവനന്തപുരം സ്വദേശികളായ മൂന്ന് സഹോദരങ്ങളാണ് കമ്പനിയുടെ പ്രധാന പദവികളില്‍ ഇരിക്കുന്നതും കമ്പനിയുടെ 67.87 ശതമാനം കൈവശം വെച്ചിരിക്കുന്നത്. എംആർ നാരായണൻ ചെയർമാനാണെങ്കില്‍ എംആർ സുബ്രഹ്മണ്യൻ മാനേജിങ് ഡയറക്ടറായും എംആർ കൃഷ്ണൻ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് 1992ൽ പ്രവർത്തനം ആരംഭിച്ച, ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളും അനുബന്ധ സേവനങ്ങളും നൽകുന്ന കമ്പനിയാണ് ആഡ്ടെക് സിസ്റ്റംസ് ലിമിറ്റഡ് . വ്യാപാര സ്ഥാപനങ്ങളിലെ മോഷണം തടയാൻ സഹായിക്കുന്ന ഇൻവെന്‍ററി ട്രാക്കിങ്, റീട്ടെയിൽ ഡിസ്പ്ലേ സെക്യൂരിറ്റി സൊല്യൂഷൻസ്, ഡിജിറ്റൽ ലോക്ക്, സിസിടിവി, ആർഎഫ്ഐഡി സേവനങ്ങൾ, ഇലക്ട്രോണിക് ഷെൽഫ് ലേബലിങ് എന്നിങ്ങനെയുള്ള ആന്‍റി തെഫ്റ്റ് സംവിധാനങ്ങളാണ് കമ്പനി പ്രധാനമായും നിർമിക്കുന്നത്. നിലവിൽ 4,000ലേറെ ഉപഭോക്താക്കൾ കമ്പനിയുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ സ്മാർട്ട് ലൈറ്റിങ്, സ്മാർട്ട് സെൻസർ, സ്മാർട്ട് ലോക്ക് ഉൾപ്പെടെ വീടിന്റെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്ന സ്മാർട്ട് ഹോം സേവനങ്ങളും ആഡ്ടെക് സിസ്റ്റംസ് നൽകുന്നു.
2003 മുതൽ കൊച്ചി, മദ്രാസ്, അഹമ്മദാബാദ് നഗരങ്ങളിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ആഡ്ടെക് സിസ്റ്റംസിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രാദേശിക ഓഹരിവിപണികള്‍ അടച്ചുപൂട്ടി. അതേ തുടര്‍ന്ന് 2016 ഡിസംബർ മുതൽ മെട്രോപൊളിറ്റൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് കീഴിലേക്ക് മാറി. ഇപ്പോള്‍ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായും പുതിയ വിഭവ സമാഹരണം എളുപ്പവുമാക്കുന്നതിനായി ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. നേരത്തെ പ്രാദേശിക ഓഹരിവിപണികളിലും മെട്രോപോളിറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തിരുന്ന കമ്പനിയായിരുന്നതിനാൽ പ്രാഥമിക പൊതുഓഹരി വിൽപന അഥവാ ഐപിഒ നടത്താതെ തന്നെ ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: