സമരത്തിന്റെ നാടായ കേരളത്തിലെ വിഴിഞ്ഞത്ത് കൂറ്റന്‍ ചരക്കുകപ്പലുകള്‍ക്ക് ചരക്കുകളിറക്കാനും കയറ്റാനും കഴിയുന്ന വലിയ തുറമുണം പണിയാന്‍ ഗൗതം അദാനി എന്ന ബിസിനസുകാരന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ മന്ത്രിസഭ 2015 ജൂണ്‍ 10നാണ് അനുമതി നല്‍കിയത്. അന്നത് 7,525 കോടിയുടെ പദ്ധതിയാണ്. അന്ന് മുതല്‍ പൊരുതി ആ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് മുന്‍പുള്ള ട്രയല്‍ റണ്‍ ആരംഭിയ്‌ക്കുന്നത് 2024ലാണ്. ഒമ്പത് വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍, സമരങ്ങള്‍, ഒത്തുതീര്‍പ്പുകള്‍…. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആരംഭിച്ച പദ്ധതി പിണറായി വിജയന്റെ കാലത്ത് എത്തുമ്പോഴേക്കും പല രീതികളില്‍ വിഴിഞ്ഞം തുറമുഖ സ്വപ്നം വളര്‍ന്ന് കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുറമുഖക്കരാര്‍ ഒപ്പുവെച്ചത് 7700 കോടിക്കാണ്. പക്ഷെ ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം മാത്രമാണ്. അടുത്ത മൂന്ന് ഘട്ടങ്ങള്‍ക്ക് മറ്റൊരു 23,300 കോടി കൂടി ചെലവാകും. അതായത് ആകെ ചെലവ് 31000 കോടിയായി മാറും.
വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട ട്രയല്‍ ഓപ്പറേഷന്‍ ജൂലായ് 12ന് തുടങ്ങുമ്പോള്‍ എന്തായാലും തീയില്‍ കുരുത്ത അദാനിയെ ഇനി ആര്‍ക്കും തോല്‍പിക്കാനാവില്ല. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ ഇടത് പക്ഷ സമരവും വിമര്‍ശനങ്ങളും അതിജീവിച്ചു. രണ്ട് തവണ മത്സ്യത്തൊഴിലാളികളുടെ സമരത്തെ അതിജീവിച്ചു. ലത്തീന്‍ കത്തോലിക്ക സമരത്തെയും അതിജീവിച്ചു. ഇപ്പോള്‍ പിണറായിക്കൊപ്പവും തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ അദാനിക്കായി.
സമരങ്ങള്‍…ഒത്തുതീര്‍പ്പുകള്‍
ആദ്യം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത്. മാസങ്ങളോളം നീണ്ട സമരത്തില്‍ പദ്ധതി മുന്നോട്ട് പോകില്ലെന്ന് കരുതിയതാണ്. പക്ഷെ അതിനെ അതിജീവിച്ച് ഒത്തുതീര്‍പ്പുണ്ടായി. പിന്നീട് അദാനി തുറമുഖം പണി നടക്കുന്നതിനിടയില്‍ ട്രക്കില്‍ നിന്നും കല്ല് തലയില്‍ വീണ് 26കാരന്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദാനി പദ്ധതിക്കെതിരെ വലിയ സമരം നടന്നു. ഒടുവില്‍ മരണപ്പെട്ട യുവാവിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും പണവും നല്‍കിയാണ് ആ സമരം ഒത്തുതീര്‍ത്തത്. ഏറ്റവുമൊടുവില്‍ വിഴിഞ്ഞത്തെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സമരത്തിലും പദ്ധതി മാസങ്ങളോളം മുടങ്ങി. ആ സമരവും ഒടുവില്‍ വലിയൊരു നഷ്ടപരിഹാരത്തുക നല്‍കിയശേഷമാണ് ഒത്തുതീര്‍പ്പായത്. കടലെടുത്ത് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ 5500 രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും വാടകയിനത്തില്‍ കൊടുത്തത്. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി വീടുകള്‍ വെച്ചുകൊടുക്കാനും അദാനി ഗ്രൂപ്പ് തയ്യാറായി.
ഇതുവരെ അദാനി ഗ്രൂപ്പ് 4500 കോടി രൂപ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഒന്നാം ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. 2028ന് മുന്‍പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളും പൂര്‍ത്തിയാകാന്‍ ആകെ 20000 കോടി രൂപയോളം അദാനി ചെലവഴിക്കും. പദ്ധതി നടത്തിപ്പിന് വേണ്ടിവരുന്ന അധികതുക പദ്ധതി പ്രകാരം (വയബിലിറ്റി ഗ്യാപ് ഫണ്ട്) കേന്ദ്ര സര്‍ക്കാര്‍ 817 നല്‍കും.
അദാനി വിഴിഞ്ഞത്തെ വിടാതെ പിടിച്ചത് ഇക്കാരണത്താല്‍…
ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ് ഷിപ്പ് മെന്‍റ് തുറമുഖമാണ് വിഴിഞ്ഞത്ത് സാധ്യമാകുക. ഏറ്റവും തിരക്ക് പിടിച്ച ഈസ്റ്റ്-വെസ്റ്റ് ഷിപ്പിംഗ് ചാനലില്‍ (കിഴക്ക്- പടിഞ്ഞാറന്‍ കപ്പല്‍പാത) നിന്നും വെറും 19 കിലോമീറ്റര്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം എന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. കിഴക്ക്-പടിഞ്ഞാറന്‍ കപ്പല്‍ പാത യൂറോപ്പിനെയും പേഴ്സ്യന്‍ ഗള്‍ഫിനെയും തെക്ക് കിഴക്കന്‍ ഏഷ്യയെയും ഫാര്‍ ഈസ്റ്റ് ഏഷ്യയെയും ബന്ധിപ്പിക്കുന്ന കപ്പല്‍പാതയാണ്. ഡ്രഡ് ജിംഗ് കൂടാതെ തന്നെ 20 മീറ്ററോളം ആഴമുള്ള ഇന്ത്യയിലെ ഒരേയൊരു തുറമുഖമാണ് എന്നതാണ് വിഴിഞ്ഞത്തെ ആകര്‍ഷകമാക്കുന്നത്. 24000 ടിഇയു വരെ ഭാരമുള്ള കപ്പലുകള്‍ക്ക് വരെ ഇവിടെ എളുപ്പം നങ്കൂരമിടാന്‍ സാധിക്കും. വിനോദസഞ്ചാരക്കപ്പലുകള്‍ക്ക് വരാന്‍ മറ്റൊരു പാതയും വിഴിഞ്ഞത്ത് ഒരുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകപ്പലുകള്‍ക്ക് വരെ ഇവിടെ നങ്കൂരമിടാനാകും. ഇന്ത്യയുടെ ആകെയുള്ള കപ്പല്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തോളം വിഴിഞ്ഞത്ത് നിന്നും നടത്താനാകും. ഇപ്പോള്‍ ഇത് ദുബായ്, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലാണ് നടത്തുന്നത്. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തിപ്പിക്കുക അദാനി പോര്‍ടാണ്. അടുത്ത 40 വര്‍ഷത്തേക്കാണ് അദാനിക്ക് നടത്തിപ്പ് അവകാസം നല്‍കിയിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതി എത്തിനില്‍ക്കുന്നത്
പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിനിൽക്കുകയാണ്. ഇതിനോടകം 31 ക്രെയിനുകൾ വന്നുകഴിഞ്ഞു. 2960 മീറ്റർ പുലിമുട്ട് നിർമ്മാണം പൂർത്തിയായി. കണ്ടെയ്നർ ബെർത്ത് 800 മീറ്റർ നിർമ്മിച്ചുകഴിഞ്ഞു. അതിനോട് ചേർന്നാണ് കപ്പലുകൾ നങ്കൂരമിടാൻ പോകുന്നത്. 400 മീറ്റർ ബെർത്ത് പ്രവർത്തനസജ്ജമായി. സോഫ്റ്റ്‌വെയർ സിസ്റ്റം,കൺട്രോൾറൂം എല്ലാം സജ്ജമാണ്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ഇപ്പോൾ ട്രയൽറൺ നടത്തുന്നത്. ഓണത്തിന് ആദ്യ ഘട്ട തുറമുഖം കമ്മിഷൻ ചെയ്യാനാകും. ദീർഘകാലംകൊണ്ട് അഞ്ച് മദർ ഷിപ്പുകൾക്ക് വരെ ഒന്നിച്ച് തുറമുഖത്ത് പ്രവർത്തിക്കാനാകും. എല്ലാ അനുമതികളും ലഭിച്ചാൽ ഡിസംബറോടെ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കും
കരാർപ്രകാരം 2045ഓടെ തുറമുഖത്തിന്റെ ശേഷി പൂർണായും ഉപയോഗിക്കാനാവുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് നേരത്തെയാക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: