ചെങ്ങന്നൂര്‍: പ്രശസ്തമായ ആറന്മുള വള്ളസദ്യയ്ക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 21ന് തുടക്കം കുറിക്കുേമ്പാള്‍ പള്ളിയോടക്കരകളിലും പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയിലും ഒരുക്കങ്ങള്‍ തുടങ്ങി. ഇനി 15 നാള് കഴിയുമ്പോള്‍ ആറന്മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും നിറസാന്നിധ്യമാകും.
വഞ്ചിപ്പാട്ടിനൊപ്പം രുചിയുടെ പെരുമയുള്ള 64 വിഭവങ്ങളാണ് ഇലത്തുമ്പിലെത്തുന്നത്. ഉപ്പിലിട്ടത് മുതല്‍ അഞ്ച് തരം പായസം വരെ സദ്യയില്‍ ഉള്‍പ്പെടും. പാടി ചോദിക്കുന്ന 20 വിഭവങ്ങളും ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങളും രുചിയുടെ പെരുമ തീര്‍ക്കുന്നവയാണ്. വള്ളസദ്യയ്ക്ക് ക്ഷേത്രത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുങ്ങള്‍ അവസാനഘട്ടത്തിലാണ്. അതുപോലെതന്നെ 52 കരകളിലും ഉത്സവാന്തരീക്ഷമാണ്. ജൂലൈ ആദ്യവാരത്തോടെതന്നെ കരക്കാരുടെ നേതൃത്വത്തില്‍ പള്ളിയോടത്തിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് മീന്‍നെയ്യ് തേച്ചുപിടിപ്പിച്ച് നീറ്റിലിറക്കാന്‍ പാകത്തിലാക്കിയിട്ടുണ്ട്.
വള്ളസദ്യയ്ക്കുള്ള തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്അറിയിച്ചു. കൂടുതല്‍ വള്ളസദ്യകള്‍ നടക്കുന്ന ദിവസങ്ങളില്‍ മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള അപാകതകള്‍ പരിഹരിച്ചാകും സംഘടിപ്പിക്കുക എന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാം ദേവന് പറഞ്ഞു. ഇതിന്റെ ഭാഗമായി സദ്യ വഴിപാടുകാരന് ക്ഷണിക്കാതെ എത്തുന്നവരെയും ബന്ധപ്പെട്ട കരകളില്‍ നിന്ന് പാസ് ലഭിക്കാത്തവരെയും സദ്യ നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. വഴിപാടുകാരനോട് അനധികൃതമായി പണപ്പിരിവു നടത്തുന്നത് കര്‍ശനമായി തടയും.
സദ്യാലയങ്ങള്‍ ക്യാമറ നിരീക്ഷണ ത്തില്‍ കൊണ്ടുവരും. വിഭവങ്ങളുടെ മേന്മ ഉറപ്പാക്കുന്നതിന് സദ്യ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിളിച്ച പ്രത്യേക യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, കെ.സുന്ദരേശന്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാം ദേവന്, ട്രഷറര്‍ രമേശ് കുമാര്‍, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, എന്നിവര്‍ പങ്കെടുത്തു.
ഫുഡ് കമ്മിറ്റിയുടെ പ്രത്യേകയോഗത്തില്‍ സെക്രട്ടറി പ്രസാദ് ആനന്ദഭവന്, വൈ. പ്രസിഡന്റ് കെ.എസ്.സുരേഷ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി. പിള്ള, ജോ. കണ്‍വീനര്‍മാര്‍, ടി.കെ. രവീന്ദ്രന് നായര്‍, മനേഷ് എസ്.നായര്‍, വിജയന് നായര്‍ അങ്കത്തില്‍, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, സദ്യ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠനകളരി 13,14,16 തീയതികളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: