മുംബൈ: ബോളീവുഡ് താരം സല്മാന് ഖാനെ വധിക്കാന്‍ ശ്രമിച്ചത് ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാ സംഘം തന്നെയെന്ന് പോലീസ്. 25 ലക്ഷം രൂപക്കാണ് താരത്തെ വധിക്കാന്‍ പദ്ധതിയിട്ടത്. കേസിലെ അഞ്ച് പ്രതികള്‍ക്കെതിരെ നവി മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ 14നാണ് ബാന്ദ്രയിലെ സല്‍മാന്റെ വസതിക്കു നേരെ വെടിവെപ്പുണ്ടായത്. 18 വയസില്‍ താഴെ വരെയുള്ള ആണ്‍കുട്ടികളേയും താരത്തെ വധിക്കാനായി റിക്രൂട്ട് ചെയ്ത് പരിശീലനം നല്കി. വിദേശത്തു നിന്ന് അത്യാധുനിക ആയുധങ്ങള്‍ അടക്കം വാങ്ങാന്‍ പദ്ധതിയിട്ടു. തുര്‍ക്കി, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് എകെ- 47, എകെ-92, എം16 റൈഫിള്‍, സിങ്ക പിസ്റ്റള്‍ എന്നിവ വരുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഈ ആയുധങ്ങളാണോയെന്ന് ഉറപ്പില്ല. സിങ്ക പിസ്റ്റള്‍ ഉപയോഗിച്ചാണ് പഞ്ചാബി ഗായകന് സിദ്ധു മൂസെവാലെയെ വധിച്ചത്.
താരത്തിന്റെ നീക്കങ്ങള്‍ വീക്ഷിക്കുന്നതിനായി 70 ഓളം പേരെയാണ് അദ്ദേഹത്തിന്റെ മുബൈയിലെ വസതി, പന്‍വേലിലെ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിരുന്നത്. വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ നിലവില്‍ 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിലുള്ള അമര്‍ഷമാണ് താരത്തിനുനേരെണ്ടായ ആക്രമണത്തിനും വധഭീഷണിക്കും പിന്നിലെന്ന് ഇതുമായി ബന്ധപ്പെട്ട് ബിഷ്ണോയുടെ സഹോദരന് പങ്കുവെച്ച വീഡിയോയില്‍ അറിയിച്ചിരുന്നു. ആക്രമണമുണ്ടായതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സല്മാന് ഖാനെ കാണുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: