പാതാളക്കരണ്ടിയും മുങ്ങാങ്കോഴിയും തമ്മിലെന്താണ് ബന്ധം? കിണറ്റില്‍ വീണുപോയ ഏത് സാധനവും കിണറ്റിലിറങ്ങാതെ തിരിച്ചെടുക്കാന്‍ പറ്റുന്ന സാങ്കേതിക സംവിധാനത്തിനുള്ള ഉപകരണമാണ് പാതാളക്കരണ്ടി. കിണറുകള്‍ ശുദ്ധജല സ്രോതസ്സായിരുന്ന കാലത്ത് പാതാളക്കരണ്ടിക്ക് വലിയ പ്രസക്തിയുണ്ടായിരുന്നു. ‘തൊഴില്‍ തിന്നുന്ന യന്ത്ര ഭീകരന്’ ആയ (കമ്യൂണിസ്റ്റുകള്‍ കമ്പ്യൂട്ടറിനെക്കുറിച്ച് പ്രചരിപ്പിച്ചത്) കമ്പ്യൂട്ടറുകളുടെ വരവ് തൊഴില്‍ സംസ്കാരം മാറ്റിയതുപോലെ, കാലം മാറി ‘ജപ്പാന് കുടിവെള്ള പദ്ധതികള്‍’ പോലുള്ളവ വന്നപ്പോള്‍ പാതാളക്കരണ്ടിയും കിണറും കഥാവശേഷരാവുകയാണല്ലോ.
മുങ്ങാങ്കോഴി, ഒ.വി. വിജയന്റെ പ്രസിദ്ധമായ ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നോവലിലെ കഥാപാത്രമാണ്; ചക്രു റാവുത്തര്‍ എന്നാണ് ശരിപ്പേര്. കിണറുകളില്‍ വീണുപോകുന്നവ വീണ്ടെടുക്കാന്‍ സമര്ത്ഥന്, നാട്ടുകാരുടെ ആശ്രയം. ഖസാക്കിലെ കഥാപാത്രങ്ങളില്‍ വിജയന് തന്റെ ആത്മീയ വഴി ആവിഷ്കരിക്കുന്നത് ഈ കഥാപാത്രത്തില്ക്കൂടിയുമാണ്. കമ്യൂണിസ്റ്റുകാരനായി തുടങ്ങി, കടുത്ത കമ്യൂണിസ്റ്റ് രാഷ്ട്രീയ വിമര്‍ശകനായി മാറി, ആത്മീയ സാക്ഷാല്‍ക്കാര വഴിയില്‍ എത്തിയ ഒ.വി. വിജയന് പക്ഷേ, മുങ്ങാങ്കോഴിക്ക് കമ്യൂണിസ്റ്റ് നിറം ചേര്‍ത്തില്ല. ‘കമ്യൂണിസ്റ്റുപച്ച’ എന്ന ചെടി ഇല്ലാതായിക്കൊണ്ടിരിക്കുന്നതുപോലെ, കമ്യൂണിസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ‘കാടുകയറി’ക്കൊണ്ടിരിക്കെ ‘പച്ചക്കമ്യൂണിസ’ത്തിന് ഇക്കാലത്ത് പടര്പ്പുകൂടുന്നുവെന്നത് മറ്റൊരു രസകരമായ നിരീക്ഷണം. അവിടെ എം.വി. രാഘവന് എന്ന പഴയ കമ്യൂണിസ്റ്റ് സഖാവിന്റെ രാഷ്ട്രീയ അസ്തിത്വം തെളിഞ്ഞു വരുന്നു. അതിലേക്ക് കൂടുതല്‍ ടോര്‍ച്ച് തെളിക്കാന്‍ ഒരു മകന് ഒരു ‘കിണറ്റി’ലേക്ക് ചാടുന്നു. ചിലപ്പോള്‍ ചില വിരുദ്ധ പ്രവര്‍ത്തനങ്ങളും സവിശേഷമാകുമല്ലോ!
എം.വി. രാഘവന് സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്നു. തത്ത്വത്തിലും പ്രയോഗത്തിലും ബുദ്ധിയിലും കായബലത്തിലും പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു. കമ്യൂണിസ്റ്റുകാര്‍ എതിരാളികളെന്ന് കരുതിയിരുന്നവരെ എല്ലാ അര്‍ത്ഥത്തിലും ‘വിറപ്പിച്ചിരുന്ന’ സഖാവ്. ‘തേങ്ങാബോംബുകള്’ക്ക് ആ പാര്‍ട്ടി ആദ്യം വിത്തിട്ടകാലത്ത് എംവിആര്‍ ഒക്കെയായിരുന്നു പ്രധാന വിതക്കാര്‍. അതേസമയം പാര്‍ട്ടിയുടെ ഭാവിരാഷ്ട്രീയം മുന്കൂട്ടിക്കാണാന് കഴിവുള്ളയാളും ശരിയെന്ന് തോന്നുന്നത് ഏത് ‘ഇഎംഎസ്സിന്റെയും’ മുഖത്തുനോക്കി പറയാന്‍ മടിയില്ലാത്തയാളുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിടിച്ചുനില്ക്കാന് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സുമായുള്ള ചങ്ങാത്തം ഉള്‍പ്പെടെ വിഭാവനം ചെയ്യുന്ന ബദല്‍ രേഖയുടെ പേരിലാണ് രാഘവന് ഉള്‍പ്പെടെ ചില പ്രമുഖര്‍ 1986 ല്‍ പാര്‍ട്ടിക്ക് പുറത്തായത്. (അന്ന് രാഘവന് ഒപ്പം നിന്ന ഇ.കെ. നായനാര്‍ അവസാന നിമിഷം മറുകണ്ടം ചാടിയെന്നത് ചരിത്രം) രാഘവന് പുതിയ പാര്‍ട്ടിയുണ്ടാക്കി; സിഎംപി. രാഘവനെ തുണച്ചത് മുസ്ലിം ലീഗും കെ. കരുണാകരനുമായിരുന്നു. രാഘവന് അങ്ങനെ സിപിഎമ്മിനെ വെല്ലുവിളിച്ച സഖാക്കളിലെ വിജയിച്ച സഖാവായി.
ഇന്നിപ്പോള്‍ സിപിഎം നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നതും രഹസ്യമായി നടപ്പാക്കുന്നതും അന്നത്തെ രാഘവന്റെ ബദല്‍ രേഖാ നയതന്ത്രങ്ങളാണ്. കേരള കോണ്‍ഗ്രസ് സിപിഎമ്മിന്റെ സഖ്യകക്ഷിയായി. പക്ഷേ, ശക്തമായിരുന്ന സിപിഎം ഇന്ന് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. ലീഗിനെ താങ്ങാന്‍ സിപിഎമ്മിന് കഴിയാത്ത സ്ഥിതിയും. ഈ സമയത്താണ് എം.വി. രാഘവന്റെ മകന് മാധ്യമപ്രവര്ത്തകന് എം.വി. നികേഷ് കുമാര്‍ സിപിഎം പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കുചേരാന്‍ തൊഴില്‍ പൂര്‍ണ്ണമായും വിട്ടതായി പ്രഖ്യാപിക്കുന്നത്. നികേഷ് ഒരിക്കല്‍ സിപിഎമ്മിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് പ്രചാരണ വേളയില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ സംഭവം എക്കാലത്തേയും തെരഞ്ഞെടുപ്പ് പ്രചാരണ രാഷ്ട്രീയത്തിലെ രസകരമായ ‘കടുംകൈ’യാണ്.
ഇപ്പോള്‍ നികേഷ് കുമാര്‍ സിപിഎമ്മിലേക്ക് ഇറങ്ങിയതാണ് ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഇറങ്ങിയതോ ചാടിയതോ, ചാടിച്ചതോ എന്നത് മറ്റൊരു വിഷയം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നയതന്ത്ര മാര്‍ഗ്ഗത്തില്‍ സ്വര്‍ണ്ണക്കടത്തിന് സഹായവും കണ്ണൂരില്‍ സിപിഎം നേതൃത്വത്തിന്റെ തണലില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് സംരക്ഷണം നല്‍കലും നടക്കുന്നുവെന്ന ആരോപണം ഉയരുമ്പോള്‍, തെരഞ്ഞെടുപ്പു തോല്‍വി, മുഖ്യമന്ത്രിയുടെ മകളുടെ മേലുള്ള ആരോപണം, മുഖ്യമന്ത്രിക്ക് കോടതി നോട്ടീസ് തുടങ്ങിയ വിവാദങ്ങളില്‍ സിപിഎം അതീവ പ്രതിസന്ധിയിലായിരിക്കുമ്പോള്‍, ഒരാള്‍ പൂര്‍ണസമയ പ്രവര്‍ത്തനത്തിന് ആ പാര്‍ട്ടിയിലേക്ക് തൊഴില്‍ ഉപേക്ഷിച്ച് എടുത്തുചാടുന്നുവെന്നത് അസാധാരണ സംഭവമാണ്. മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഒരു പറച്ചിലുള്ളത് ഓര്‍മ്മവരുന്നു: തീപ്പിടിത്തമുണ്ടായ വീട്ടില്‍നിന്ന് പുറത്തേക്ക് ആളുകള്‍ ഓടുമ്പോള്‍ വീട്ടിലേക്ക് ആരെങ്കിലും ഓടിക്കയറുന്നുണ്ടെങ്കില് അയാള്‍ മാധ്യമപ്രവര്‍ത്തകനാണെന്ന്! പക്ഷേ, തീപ്പിടിത്തം അണയ്ക്കാന്‍ കിണര്‍ സഹായമെന്നൊക്കെയൊരു യുക്തിതോന്നാം. ശരിയാണ്, എംവിആറിന് കഴിഞ്ഞേനെ, മകന് കഴിയുമോ എന്നതിലാണ് ശങ്ക. എംവിആറിന്റെ മകള്‍ ഗിരിജ പണ്ട് ഇങ്ങനെ സിപിഎം കൂടാരത്തില്‍ ചെന്നു, ഫലിച്ചില്ല. മറ്റൊരു മകന്, മാധ്യമപ്രവര്ത്തകന് എം.വി. ഗിരീഷ്, സഹോദരന് നികേഷ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചകാലത്ത് എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന് വിശദീകരിച്ച് എഴുതിയ ഒരു കത്തുണ്ട്, അതില്‍ എല്ലാമുണ്ട്; ജ്യേഷ്ഠ സഹോദരന്റെ ഉപദേശമടക്കം, പ്രവചനങ്ങള്‍ സഹിതം.
പാതാളക്കരണ്ടിക്കും പൊക്കിയെടുക്കനാവാത്ത വിധം പൊട്ടക്കിണറ്റിലേക്കാണ് സിപിഎമ്മിന്റെ പതനം എന്നറിയാത്തതല്ല നികേഷ് കുമാറിന്. മാധ്യമപ്രവര്‍ത്തനത്തില്‍ ‘നെല്ലിപ്പടി’ (അതും കിണറ്റിനടിയിലാണ്; വെള്ളം ശുദ്ധീകരിക്കാന്‍ പണ്ടുചെയ്തിരുന്ന മാര്‍ഗ്ഗമാണ്) എത്തിയ സ്ഥിതിക്കുള്ള മാന്യമായ പുറത്തുപോകല്കൂടിയായിരിക്കാമിത്. വീണ്ടും ഒ.വി. വിജയന് വരുന്നു; ഖസാക്കും മുങ്ങാങ്കോഴിയും ചക്രു റാവുത്തറും വരുന്നു- മതിയാകാത്ത ആഗ്രഹങ്ങളുടെ ആള്‍രൂപങ്ങളാണ് ഖസാക്കിലെ കഥാപാത്രങ്ങള്‍. അവര്‍ക്ക് പലതരത്തിലുള്ള നിസ്സഹായതകളുണ്ട്. അമ്മയില്ലാതായ കൊച്ചുമകള്‍ക്ക് ചേറുമീനില്നിന്ന് മണിയെടുത്തുകൊടുക്കാന് മുങ്ങാങ്കോഴി അവസാനമായി കിണറ്റിലേക്ക് കൂപ്പു കുത്തുന്നത് വിജയന് ഇങ്ങനെ എഴുതുന്നു: ”അയാള്‍ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറ് കടന്ന് ഉള്‍ക്കിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസ് പടുതകളിലൂടെ അയാള്‍ നീങ്ങി. ചില്ലുവാതിലുകള്‍ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. അയാള്‍ക്ക് പിന്നില്‍ ചില്ലുവാതിലുകള്‍ ഒന്നൊന്നായടഞ്ഞു…” (ഖസാക്കിന്റെ ഇതിഹാസം)
മുങ്ങാങ്കോഴി ചക്രു റാവുത്തര്‍ക്ക് ‘മോക്ഷം’ കിട്ടിക്കാണുമോ? പാപവും പുണ്യവും തെറ്റും ശരിയും മായയും മറയും വ്യക്തമായി അറിയാമായിരുന്ന ഖസാക്കിലെ നായകന് ‘രവി’ക്ക് കിട്ടിയതുപോലും സര്പ്പദംശനമാണ്; വിഷം തീണ്ടിയുള്ള അപമൃത്യു. സിപിഎമ്മിന് വിഷം തീണ്ടിയത് 1942 ലാണ്. അത് ക്വിറ്റിന്ത്യാ സമരകാലത്തായിരുന്നു; ഗാന്ധിജിയേയും ഭാരത സ്വാതന്ത്ര്യ സമരത്തേയും പിന്നില്‍നിന്ന് കുത്തിയപ്പോള്‍. 1948 ല്‍, 42ാം വയസ്സില്‍ സഖാവ് പി. കൃഷ്ണപിള്ളയെ ‘വിഷപ്പാമ്പ്’ തീണ്ടിയതായി പ്രഖ്യാപിച്ചപ്പോള്‍, 1947ല്‍ ഭാരത സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്ന് പ്രസ്താവിച്ച് മാറിനിന്നപ്പോള്‍. വിഷം പടര്‍ന്ന് ശരീരത്തിന്റെ നിറവും മാറിക്കഴിഞ്ഞും പൊട്ടക്കിണറ്റില്‍ കിടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) യെ രക്ഷിക്കാന്‍ ഒരു പാതളക്കരണ്ടിയും ഫലിക്കില്ലല്ലോ.
പിന്കുറിപ്പ്:
സിപിഎമ്മിനെ തിരുത്താന്‍ സിപിഐ ഇറങ്ങിയിട്ടുണ്ട്. രാവണനെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് കുംഭകര്ണ്ണന് അറിയാമായിരുന്നു; ഒപ്പം നിന്ന് ചത്തത് അന്തിമ ഫലം.
(9446530279)
പ്രതികരിക്കാൻ ഇവിടെ എഴുതുക: