കണ്ണൂര്‍: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കണ്ണൂരിലെ സിപിഎമ്മില്‍ പോര് മുറുകുന്നു. സംസ്ഥാനകമ്മറ്റിയംഗം പി. ജയരാജന്‍ ഇന്നലെ രാവിലെ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിന് പിന്നാലെ പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ മനുതോമസ് രംഗത്തെത്തി.
പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനാണ് മനു തോമസിന്റെ ശ്രമമെന്നാണ് ജയരാജന്റ ആരോപണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി. ജയരാജന്‍ അറിയിച്ചു.
അതേസമയം പി. ജയരാജന് മറുപടിയായി പാര്‍ട്ടിയെ പൊതുമാധ്യമങ്ങളില്‍ കൊത്തിവലിക്കാന്‍ ജയരാജന്‍ അവസരമൊരുക്കുകയാണെന്നും ഇതിന് മുന്‍പും ജയരാജന്‍ പാര്‍ട്ടിയെ ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും മനു തോമസ് സമൂഹ മാധ്യമത്തിലൂടെ ആരോപിച്ചു.
പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ക്വാറി ഉടമയ്‌ക്കായി പുതിയ ഏരിയാ സെക്രട്ടറിയെ സൃഷ്ടിച്ചുവെന്നും വിദേശത്തുള്ള മകന് വഴിവിട്ട സഹായം ചെയ്തു കൊടുത്തുവെന്നും മനു തോമസ് ആരോപിച്ചു.
മനുവിന്റെ പോസ്റ്റില്‍ നിന്ന്
താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. താങ്കള്‍ സ്വന്തം ഫാന്‍സുകാര്‍ക്ക് വേണ്ട കണ്ടന്റ് പാര്‍ട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട് എന്തായാലും നമ്മുക്കൊരു സംവാദം തുടങ്ങാം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ‘കോപ്പി’ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം.
ഈയടുത്ത് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതടക്കം എല്ലാം ജനങ്ങള്‍ അറിയട്ടെ. പാര്‍ട്ടിക്കറിയാത്ത, ജനങ്ങള്‍ക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്‌ക്കാനില്ല… താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ…’ പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ടമെന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പാര്‍ട്ടി അംഗത്വം ഒഴിവാക്കിയതിനു ശേഷം സിപിഎമ്മിനെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണ് മനു തോമസെന്ന് ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: