ഇന്ത്യവിഷനില്‍ എന്റെ മേലധികാരിയായിരുന്ന, കണ്ണൂരില്‍ എന്റെ സഹജീവിയായിരുന്ന എംവി ഗിരീഷ്‌കുമാറിന്റെ അനിയനായ, ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന എം.വി നികേഷ്‌കുമാര്‍ താനുണ്ടാക്കിയ റിപ്പോര്‍ട്ടര്‍ ചാനിലില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം മതിയാക്കി രാഷ്‌ട്രീയത്തിലേക്കു പോവുകയാണല്ലോ. നേരത്തെ ഒരിക്കല്‍ ഇലക്ഷനു നില്‍ക്കാന്‍ വേണ്ടി ഇതുപോലെ ഞാനിനി മാധ്യമപ്രവര്‍ത്തനത്തിനില്ല, മാനേജ്‌മെന്റ് തലത്തിലേ പ്രവര്‍ത്തിക്കൂ എന്നാണയിട്ട് പോയ നികേഷിന് ഇനിയും അതുപോലെ മടങ്ങിവരേണ്ടിവരില്ലെന്നു പ്രത്യാശിക്കുന്നു, ആശംസിക്കുന്നു.
മാധ്യമരംഗത്ത് ഒരുപാട് ശിഷ്യരെയും പിന്തുടര്‍ച്ചക്കാരെയും സൃഷ്ടിച്ച മിടുക്കനാണ് നികേഷ്. ആദ്യം ഇലക്ഷനു മത്സരിക്കുമ്പോള്‍ പോസ്റ്ററടിക്കാന്‍ പറ്റിയ ചിത്രത്തിന്, ഞാന്‍ കന്യകയുടെ പത്രാധിപരായിരിക്കെ എടുപ്പിച്ചു പ്രസിദ്ധീകരിച്ച കുടുംബാഭിമുഖത്തിനു വേണ്ടി എടുപ്പിച്ച ചിത്രങ്ങള്‍ വിളിച്ചു ചോദിച്ചു വാങ്ങിയ സ്വാതന്ത്ര്യമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ വ്യക്തിപരമായി ഇന്നും എനിക്കു മറക്കാനോ പൊറുക്കാനോ സാധിക്കാത്ത, മാധ്യമധാര്‍മ്മികതയ്‌ക്കു നിരക്കാത്ത ഒരു പ്രവൃത്തി നികേഷില്‍ നിന്നുണ്ടായത് ഈ അവസരത്തില്‍ ഓര്‍ത്തുപോവുകയാണ്. നേരത്തെ മയത്തിലും നയത്തിലും പലപ്പോഴും എഴുതിയിട്ടുള്ളതുമാണ്. പലരോടും പലയാവൃത്തി പറഞ്ഞിട്ടുള്ളതുമാണ്. ഓര്‍ത്താല്‍ സങ്കടം നുരഞ്ഞുവരുന്ന അനുഭവം. ഒരേ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു സഹജീവിക്ക് മറ്റൊരാളില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന് എന്നുറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് പൊറുക്കാനും മറക്കാനുമാവാത്ത ആ അനുഭവം പങ്കുവയ്‌ക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നു. വിനായകനാണ് മികച്ച നടന്‍. എനിക്ക് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അവാര്‍ഡുമുണ്ട്. സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ സര്‍ക്കാരിനെയും വിനായകനെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ്. പക്ഷേ പോരാളി ഷാജിമാരുടേതടക്കമുള്ള പ്രതികരണങ്ങളിലധികവും സര്‍ക്കാരിന്റെ സാംസ്‌കാരിക നയം മാറ്റത്തിന്റെയും അരികുവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുന്നണിയിലേക്കു കൊണ്ടുവരിക എന്ന നയത്തിന്റെയും ഭാഗമായിട്ടാണ് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള വിനായകന്റെ അവാര്‍ഡ് ലബ്ധിയെ വ്യാഖ്യാനിച്ചത്. എന്നു വച്ചാല്‍ അര്‍ഹത കൊണ്ട് അഭിനയിച്ചു നേടിയ ബഹുമതി സര്‍ക്കാരിന്റെ നയസമീപനം കൊണ്ടു ലഭിച്ചതാണെന്ന മട്ട്.
കലാകൗമുദി വാരികയില്‍ പത്രാധിപരുടെ ആവശ്യപ്രകാരം ഞാനെഴുതിയ അവാര്‍ഡ് അവലോകനത്തില്‍ ഇക്കാര്യം ഞാന്‍ വ്യക്തമാക്കി. അര്‍ഹത കൊണ്ടു നേടിയത്, എന്തോ സംവരണത്താല്‍ ലഭിച്ചു എന്ന മട്ടിലുള്ള സമൂഹമാധ്യമവ്യാഖ്യാനം അര്‍ഹതകൊണ്ട് വിനായകന്‍ നേടിയ ബഹുമതിയുടെ വില കുറച്ചു കാട്ടുന്നു എന്നാണ് ഞാനെഴുതിയത്. വളരെ വ്യക്തമായി രണ്ടാമതും മൂന്നാമതും വായിച്ചു നോക്കി, എന്റെ തന്നെ ഭാഷയില്‍ ക്‌ളിനിക്കലി പെര്‍ഫെക്ട് ആയി തന്നെ ഭാഷയുപയോഗിച്ചെഴുതിയതാണ്. ആ നിലപാടില്‍ ഇന്നുമില്ല പിന്നാക്കം. ലേഖനത്തില്‍ ഒരിടത്തും ദളിത് എന്നല്ലാതെ അവര്‍ണന്‍ എന്നതടക്കം പൊളിറ്റിക്കലി കറക്ട് അല്ലാത്ത ഒരു വാക്കുപോലും ഞാനുപയോഗിച്ചിട്ടുമില്ല. പത്തു മുപ്പത്തിരണ്ടു വര്‍ഷമായി മാധ്യമരംഗത്ത് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന എനിക്ക് ഈയിടെ ഓര്‍മ്മപ്പിശകു കൊണ്ട് ചില പേരുകളോ അക്കങ്ങളോ മാറിപ്പോകുന്നുണ്ട്. അതല്ലാതെ ഞാനെഴുതുന്നതില്‍ സാമൂഹികവിരുദ്ധമായ യാതൊന്നുമുണ്ടാവില്ലെന്നെനിക്കുറപ്പുണ്ട്.
പക്ഷേ, ആ ലേഖനത്തിന് ശീര്‍ഷകമായി പത്രാധിപര്‍ സ്വീകരിച്ചത് രാഷ്‌ട്രീയപരമായി ശരിയല്ലാത്തൊരു വാചകമാണ്. സര്‍ഗാത്മകരചനകളിലൊഴികെ അച്ചടിമാധ്യമങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ ശീര്‍ഷകങ്ങളിടുന്നത് ലേഖകരല്ല, പത്രാധിപന്മാരാണെന്ന് തിരുവനന്തപുരം പ്രസ് ക്‌ളബില്‍ പത്രപ്രവര്‍ത്തന ഡിപ്‌ളോമ പഠിച്ച നികേഷിനും അറിയാത്തതല്ല. ലേഖനം വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഫോണോടു ഫോണ്‍. റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ കണ്ടോ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്ടോ എന്നെല്ലാമാണ്. കലാകൗമുദിയില്‍ ഞാനെഴുതിയത് വിനായകന് അവാര്‍ഡ് നേടിയത് സര്‍ക്കാര്‍ സംവരണം കൊണ്ടാണെന്നും അത് സവര്‍ണനായ ഞാന്‍ നടത്തിയ അധിക്ഷേപമാണെന്നും വ്യാഖ്യാനിച്ചുകൊണ്ടുള്ള ഒരു വാര്‍ത്തയായിരുന്നു അത്. ചാനലില്‍ 24 മണിക്കൂര്‍ സംപ്രേഷണം കഴിഞ്ഞിരുന്നു അപ്പോള്‍. ഓണ്‍ലൈനില്‍ വൈറല്‍. വായിച്ച ഞാന്‍ അപ്പാടെ നിരാശയുടെ പടുകുഴിയില്‍ പതിച്ചു.
മനസുകൊണ്ടോ ബുദ്ധികൊണ്ടോ ഓര്‍ക്കാത്ത കാര്യമാണ്. വളരെ സൂക്ഷിച്ച്, കൃത്യമായി എഴുതിയതുമാണ്. അത് നേരാംവണ്ണം വായിക്കുകയോ വായിച്ചിട്ടു മനസിലാക്കുകയോ ചെയ്യാതെ ഒരു റിപ്പോര്‍ട്ടര്‍ കിളുന്ത് ചൂടപ്പമാക്കി വിറ്റിരിക്കുന്നു. എന്റെ ഇന്‍ബോക്‌സിലടക്കം നേരിടേണ്ടിവന്ന ഭര്‍ത്സനങ്ങള്‍ ദിവസങ്ങളോളം നീണ്ടു. ഏറെയും ഞാനെഴുതിയത് വായിക്കാത്തവരായിരുന്നു. ഏറെ ആലോചിച്ച് ഞാന്‍ നികേഷിനെ വിളിച്ചു. തലക്കെട്ടിന്റെ കാര്യത്തില്‍ നികേഷിനും വ്യക്തിപരമായി അറിയുന്ന പത്രാധിപരെ വിളിച്ചന്വേഷിക്കാം. ഇനി അതല്ലെങ്കില്‍ കുറഞ്ഞപക്ഷം ഞാന്‍ കലാകൗമുദിയിലെഴുതിയത് വായിക്കുകയെങ്കിലും ചെയ്‌തോ എന്നാണ് ചോദിച്ചത്. ദോഷം പറയരുത്. ഞാനെഴുതിയത് വായിച്ചില്ലെന്ന് നികേഷ് തുറന്നു പറഞ്ഞു. തിരക്കായിരുന്നത്രേ. സംപ്രേഷണം ചെയ്ത വാര്‍ത്തയും കണ്ടില്ലെന്നാണ് പറഞ്ഞത്. ഞാന്‍ വാര്‍ത്തയുടെയും ഞാനെഴുതിയ കലാകൗമുദിയുടെയും വായിക്കാവുന്ന ലിങ്കുകള്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിന് വാട്‌സാപ്പ് ചെയ്തു കൊടുത്തു.
ദീര്‍ഘകാല മാധ്യമബന്ധം മുന്‍നിര്‍ത്തി ഒരൊറ്റ ആവശ്യമേ ഞാന്‍ മുന്നോട്ടു വച്ചുള്ളൂ. 10 മിനിറ്റെടുത്ത് നികേഷ് ഞാനെഴുതിയ കലാകൗമുദി ലേഖനം ഒന്നു വായിച്ചു നോക്കണം. എന്നിട്ട് നികേഷിന്റെ ചാനലിലും ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ എന്റേതായി ഉദ്ധരിച്ചിട്ടുള്ള വരികള്‍ ഞാനെഴുതിയതു തന്നെയാണോ എന്നു പറയണം. ഞാനെഴുതിയത് വായിച്ചിട്ടു നികേഷിനും ലേഖകന്റെ അഭിപ്രായം തന്നെയാണെങ്കില്‍ എനിക്കു പരാതിയില്ല. അല്ലെങ്കില്‍ ഓണ്‍ലൈനില്‍ നിന്നെങ്കിലും അതു മാറ്റിത്തരണം. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് ഞാന്‍ ലജ്ജിച്ചു പോയ നിമിഷമായിരുന്നു അത്. ശരി നോക്കാം എന്നു പറഞ്ഞു നികേഷ് വച്ചു. ഒരു ദിവസം കഴിഞ്ഞു. ഓണ്‍ലൈനില്‍ നിന്നു വാര്‍ത്ത മാറിയില്ല. ഞാന്‍ നികേഷിനെ വിളിച്ചു. വായിക്കാന്‍ സമയം കിട്ടിയില്ല എന്നാണ് പറഞ്ഞത്. രണ്ടു ദിവസമായി മൂന്നു ദിവസമായി ഇതാ വര്‍ഷങ്ങളിത്രയുമായി. ഇതിനിടെ വെള്ളം പൊങ്ങി, കോവിഡ് വന്നു പോയി. നികേഷ് ചാനലുപേക്ഷിച്ചു പോയി, വീണ്ടും വന്നു വീണ്ടുമുപേക്ഷിക്കുന്നു. നാളിതുവരെ നികേഷ് എന്റെ ഫോണെടുത്തിട്ടില്ല, എന്നെ വിളിച്ചിട്ടുമില്ല.
ആ വാര്‍ത്ത പിന്‍വലിക്കാത്തതില്‍ ഇന്നുമില്ല എനിക്കു കുണ്ഠിതം. കാരണം അതിനോടകം ഞാന്‍ അനുഭവിക്കേണ്ട മാനഹാനിയും മാനസികസംഘര്‍ഷവും അനുഭവിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ഒരു മാധ്യമസ്ഥാപനമേധാവി എന്ന നിലയ്‌ക്ക്, സാധാരണക്കാരന്‍ പോലും ഉള്ളടക്കത്തെപ്പറ്റി ഉന്നയിക്കുന്നൊരാക്ഷേപം അന്വേഷിച്ച് പ്രതികരിക്കാന്‍ ഉത്തരവാദിത്തമുള്ള നികേഷ്, അത്തരമൊരു പരാതി തെളിവുസഹിതം ഒരു സഹജീവി, അതും സമാനമായി ഒരു മാധ്യമപ്രസിദ്ധീകരണത്തിന്റെ തലപ്പത്തിരിക്കുന്ന മുതിര്‍ന്നൊരാള്‍ ഉന്നയിച്ചിട്ടും അതന്വേഷിക്കുക പോയിട്ട്, ഒന്നു വായിച്ച് അനുകൂലമോ പ്രതികൂലമോ ആയൊരു പ്രതരികണം പോലുമറിയിക്കാന്‍ മെനക്കെട്ടില്ല എന്നതില്‍ എനിക്കു കടുത്ത നിരാശയുണ്ട്. വിശേഷിച്ചും മാധ്യമധാര്‍മ്മികതയുടെ നെടുംതൂണായി നികേഷിനെ കഴിഞ്ഞദിവസത്തെ വിടവാങ്ങല്‍ മണിക്കൂറുകളില്‍ ചാനല്‍ സഹപ്രവര്‍ത്തകര്‍ കൊണ്ടാടിയതു കാണുമ്പോള്‍. മാധ്യമധാര്‍മ്മികത എന്നത് ഭരണകൂടത്തിനെതിരേ നിലപാടെടുക്കുകയല്ല. എന്നും ഇടതുപക്ഷത്തായിരിക്കലുമല്ല. മറിച്ച് സാധാരണക്കാരനെ ദ്രോഹിക്കാതിരിക്കലാണ്.
ഐഎസ് ആര്‍ ഒ ചാരക്കേസില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയപ്പോള്‍, പരസ്യമായി പന്തല്‍കെട്ടി അതിലെ പ്രതികളായിരുന്നവരെ വേദിയില്‍ ക്ഷണിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറഞ്ഞ പാരമ്പര്യമുള്ള ഏഷ്യാനെറ്റില്‍ പണിതുടങ്ങിയ ആളാണ് നികേഷ്. എന്നിട്ടും ആ ധാര്‍മ്മികതയുടെ ആയിരത്തിലൊരംശം എന്നെ പോലൊരു പാവം മാധ്യമപ്രവര്‍ത്തകന്റെ അപേക്ഷയില്‍ കാണിക്കാന്‍ സഹിഷ്ണുത കാണിക്കാത്തതിന് ഇന്നും എന്റെ പക്കല്‍ മറുപടിയില്ല.അതൊരു പൊള്ളുന്ന കനലായിത്തന്നെ എന്റെ മനസിലുണ്ട്. നികേഷിന് എല്ലാവിധ മംഗളങ്ങളും ആശംസിച്ചുകൊണ്ട്
എ.ചന്ദ്രശേഖര്‍











