അദാനി അവരുടെ നാല് സിമന്റ് കമ്പനികളെ ഒന്നാക്കി ഒരൊറ്റ ബ്രാന്റ് നാമത്തില്‍ സിമന്റ് പുറത്തിറക്കാനുള്ള ആലോചനയിലാണ്. എന്ത് പേരായിരിക്കും അദാനി ഗ്രൂപ്പ് അവരുടെ പുതിയ സിമന്റ് കമ്പനിക്കിടുക എന്ന ചര്‍ച്ച തകൃതിയായി നടക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അദാനി സിമന്റ് നല്ല പേരായിരിക്കുമെന്ന് പലരും നിര്‍ദേശിക്കുന്നു. ഇതോടെ അദാനിയുടെ പേരില്‍ പുതിയ സിമന്റ് വിപണിയിലെത്തുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ബിസിനസ് ലോകം.
ഈയിടെ അദാനി ഗ്രൂപ്പ് പെന്ന സിമന്റ് കമ്പനിയെ 10440 കോടി രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയിരുന്നു. ഇതോടെ അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉല്പാദന ശേഷി 11.5 കോടി മെട്രിക് ടണ്ണായി വാര്‍ഷിക ഉല്പാദന ശേഷി ഉയരും. പെന്നയെ കൂടി ഏറ്റെടുക്കുന്നതോട് അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് കമ്പനികളുടെ എണ്ണം നാലായി- അംബുജ സിമന്റ്സ്, സംഘി ഇന്‍ഡസ്ട്രീസ്, എസിസി, പെന്ന സിമന്റ്സ്. എന്നാലിപ്പോള്‍ ഈ നാല് സിമന്റ് കമ്പനികള്‍ക്ക് പകരം ഒരൊറ്റ പേരില്‍ അദാനി ഗ്രൂപ്പിന്റെ സിമന്റിനെ ബ്രാന്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദാനി ഗ്രൂപ്പ്.
സിമന്റ് ഉല്പാദനത്തില് ഒന്നാമന് ഇപ്പോഴും ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് സിമന്റ്സ് തന്നെയാണ്. 14 കോടി മെട്രിക് ടണ്‍ ആണ് അള്‍ട്രാടെകിന്റെ വാര്‍ഷിക ഉല്പാദന ശേഷി. 2028ഓടെ വാര്‍ഷിക ഉല്പാദന ശേഷി 14 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് അദാനിയുടെ ലക്ഷ്യം. പക്ഷെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് അപ്പോഴേയ്ക്കും അവരുടെ വാര്‍ഷിക ഉല്പാദന ശേഷി 20 കോടി മെട്രിക് ടണ്ണായി ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: