ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഉല്ലാസ് (ULLAS) നവ് ഭാരത് സാക്ഷരതാ കാര്യക്രമത്തിന് കീഴില്‍ ലഡാക്ക് സമ്പൂര്‍ണ സാക്ഷരതയിലേക്ക് നീങ്ങുകയാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ. ബി.ഡി. മിശ്ര. 97 ശതമാനത്തിലധികം സാക്ഷരത കൈവരിച്ച ലഡാക്കിനെ സമ്പൂര്‍ണസാക്ഷരത കൈവരിക്കുന്നതിനുള്ള അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റായി അദ്ദേഹം പ്രഖ്യാപിച്ചു. ലേയിലെ സിന്ധു സംസ്‌കൃത കേന്ദ്രത്തില്‍ നടന്ന ആഘോഷത്തിലാണ് ഡോ. മിശ്ര ഇക്കാര്യം അറിയിച്ചത്.
പുതിയ പഠിതാക്കളെയും പഠിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത സന്നദ്ധപ്രവര്‍ത്തകരെയും ഇതേ പാതയില്‍ തുടരാന്‍ ഡോ. മിശ്ര പ്രേരിപ്പിച്ചു. കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. ജോലി അന്വേഷിക്കുക മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഫലം പ്രതീക്ഷിക്കാതെ ഉല്ലാസ് ആപ്പ് വഴി എല്ലാ വ്യക്തികളെയും അക്ഷരത്തിന്റെ പാതയിലേക്ക് നയിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ് പദ്ധതിയുടെ നട്ടെല്ല്. സാക്ഷരതയോടുള്ള ലഡാക്കിന്റെ അഭിനിവേശമാണ് പരീക്ഷകളില്‍ കാണുന്ന ഉല്ലാസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉല്ലാസ്-നവ് ഭാരത് സാക്ഷരതാ കാര്യക്രമം 2022ല്‍ നടപ്പാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശിപാര്‍ശകളുമായി യോജിപ്പിച്ച്, സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള 15 വയസും അതില്‍ കൂടുതലുള്ളവരുമായ പൗരന്മാരെ ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: