ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്ന തെന്നിന്ത്യൻ നടി സഞ്ജന ഗൽറാണി ഉൾപ്പെടെ മൂന്ന് പേർക്കെതിരായ നടപടികൾ റദ്ദാക്കി കർണാടക ഹൈക്കോടതി. സഞ്ജന ഗൽറാണി, റിയൽ എസ്റ്റേറ്റ് ഏജന്റായ ചിപ്പി എന്ന ശിവപ്രകാശ്, ആദിത്യ മോഹൻ അഗർവാൾ എന്നിവർക്കെതിരായ നടപടികളാണ് റദ്ദാക്കിയത്. 2020 സെപ്റ്റംബറിലാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ. സി. ഗൗതം കോട്ടൺപേട്ട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സിനിമ താരങ്ങൾ, ഡിജെമാർ (ഡിസ്ക് ജോക്കികൾ), സോഫ്റ്റ്വെയർ എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ പത്തിലധികം പേരാണ് കേസിൽ അറസ്റ്റിലായിരുന്നത്. മലയാളിയായ നിയാസ് മുഹമ്മദടക്കം കേസിൽ അറസ്റ്റിലായിരുന്നു.
മുംബൈ, ഡൽഹി കേന്ദ്രീകരിച്ചുള്ള ഇവന്റ് മാനേജർമാർ നഗരത്തിലെത്തിയാണ് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ സമൂഹത്തിലെ ഉന്നതരുടെ മക്കളെയും ഇത്തരം പാർട്ടികളിലേക്കെത്തിച്ചു. കന്നഡ സിനിമയിലെ മുൻനിര നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ഉൾപ്പെടെ ലഹരിമാഫിയയുടെ ഭാഗമായിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുവരെ പാർട്ടികളിലേക്ക് ആളുകളെത്തിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചത് ബെംഗളൂരു കേന്ദ്രമാക്കിയാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ കേസിൽ ഇതുവരെ സഞ്ജനയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ യാതൊരു തെളിവുകളും പോലീസ് കണ്ടെത്തിയിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകൻ വാദിച്ചു. ഇതോടെ കേസിൽ ഇവർക്കെതിരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: