ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സേനകള്‍ക്ക് ശക്തിപകരുന്ന കരുത്തുറ്റ തപസ് ഡ്രോണ്‍ വ്യോമസേനയുടെ ഭാഗമാകുന്നു. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളായ (യുഎവി) പത്ത് തപസ് ഡ്രോണുകള്‍ വാങ്ങുവാനാണ് വ്യോമസേന കേന്ദ്രസര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. പത്തില്‍ ആറ് ഡ്രോണുകള്‍ വ്യോമസേനയ്ക്കും നാലെണ്ണം നാവികസേനയ്ക്കുമാണ്. ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതത്തിന്റെ ഐഎസ്ടിഎആര്‍ ആവശ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഡിആര്‍ഡിഒ തപസിനെ അവതരിപ്പിച്ചിരിക്കുന്നത്. 28,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്ന തപസിന് നിര്‍ത്താതെ 18 മണിക്കൂര്‍ വരെ പറക്കാനും ശേഷിയുണ്ട്.
തപസിന് സ്വയം നിയന്ത്രിക്കാനും അല്ലെങ്കില്‍ വിദൂര നിയന്ത്രണ സംവിധാനങ്ങളുപയോഗിച്ച് ഭൂമിയില്‍ നിന്നും നിയന്ത്രിക്കാനും സാധിക്കും. ഡിആര്‍ഡിഒയാണ് തപസ് വികസിപ്പിച്ചിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമാണ് ഡ്രോണുകള്‍ നിര്‍മിക്കുന്നത്.
യുഎവിക്ക് വേണ്ട എല്ലാത്തരത്തിലുമുള്ള ആധുനിക പ്രതിരോധ ഉപകരണങ്ങളും തപസിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പറക്കുന്നതിനിടെ പോര്‍വിമാനങ്ങളോ മറ്റോ അടുത്തെത്തിയാല്‍ അത് ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളും തപസിലുണ്ട്. ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്.
നിലവില്‍ ഇസ്രായേലി സാങ്കേതികവിദ്യയെയാണ് യുഎവികളുടെ കാര്യത്തില്‍ ഭാരതം ആശ്രയിക്കുന്നത്. ഇസ്രയേലില്‍ നിന്നും ഹെറോണ്‍, സെര്‍ച്ചര്‍ ഡ്രോണുകള്‍ ഭാരതം ഇറക്കുമതി ചെയ്തിരുന്നു. തപസ് എത്തുന്നതോടെ ഇക്കാര്യത്തില്‍ ഭാരതം സ്വയംപര്യാപ്തമാകുകയാണ്.
വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണത്തിന് തപസ് ഉപയോഗിക്കാനാവും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ നിര്‍മിച്ച 1.6 ലക്ഷം കോടിയുടെ 180 എല്‍സിഎ മാര്‍ക്ക് ഒന്ന് എ, 156 എല്‍സിഎച്ച് ആക്രമണ ചോപ്പേഴ്സ് എന്നിവ അടുത്തിടെ വ്യോമസേന വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: