കൊച്ചി: ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സിറോ മലബാര്‍ സഭയില്‍ നിന്നു പുറത്താക്കുമെന്ന സര്‍ക്കുലറില്‍ സഭാ സിനഡ് അയവ് വരുത്തിയെങ്കിലും തര്‍ക്കം തീരുന്നില്ല. സിനഡ് വാക്കു പാലിക്കാത്തതിനാല്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അറിയിച്ചു.
മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടിലും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂരും പുരോഹിതരെയും വിശ്വാസികളെയും വഞ്ചിച്ചെന്നും പ്രശ്നപരിഹാര ഫോര്‍മുലയ്ക്ക് പകരം കലാപത്തിന് തീയിടുന്ന കുറിപ്പാണ് സിനഡാനന്തരം പുറത്തിറക്കിയതെന്നും ഫാദര്‍ തളിയന്‍ പറഞ്ഞു.
14ന് കൂടിയ സിനഡ് സര്‍ക്കുലര്‍ അംഗീകരിച്ചിരുന്നില്ല. 19ന് ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡിന്റെ സര്‍ക്കുലറില്‍ ജനാഭിമുഖ കുര്‍ബാനയെ നിയമാനുസൃതമാക്കുന്ന ഉത്തരവുണ്ടാകണമെന്നാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററടക്കം പറഞ്ഞത്. അത്തരം സൂചനകള്‍ സിനഡാനന്തര കുറിപ്പില്‍ നല്‍കുമെന്നും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ, ഇതെല്ലാം കാറ്റില്‍പ്പറത്തി ഏകീകൃത കൂര്‍ബാനയിലേക്ക് അതിരൂപതയെ കൊണ്ടുവരാനാണ് സിനഡ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജൂണ്‍ ഒമ്പതിലെ സര്‍ക്കുലറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിനഡിന് സാധിക്കില്ല. പരാതികള്‍ക്ക് മറുപടി ലഭിക്കുന്നതുവരെ കുര്‍ബാനയുടെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.
അതേസമയം സിനഡാനാന്തര സര്‍ക്കുലര്‍ തത്കാലം മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ഉപകാരപ്പെടൂവെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിച്ച് ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടാം എന്ന് വാഗ്ദാനം ചെയ്യുന്ന സര്‍ക്കുലര്‍ മറ്റു ദിവസങ്ങളിലെ ജനാഭിമുഖ കുര്‍ബാന നിയമാനുസൃതം ആണെന്ന് പറഞ്ഞിട്ടില്ല. അഞ്ച് മെത്രാന്മാര് എതിര്‍ത്തിട്ടും ചര്‍ച്ചയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇളവ് നല്കി സിനഡാനന്തര സര്‍ക്കുലര്‍
ജൂലൈ 3 മുതല്‍ പള്ളികളിലും സ്ഥാപനങ്ങളിലും ഞായാറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രൂപത്തില്‍ നടത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍തട്ടില്‍, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ എന്നിവര്‍ സര്‍ക്കുലറില്‍ അറിയിച്ചു. ഇത് അനുസരിക്കുന്നവരെ ജൂണ്‍ 9ന് നല്കിയ സര്‍ക്കുലറിലെ നടപടികളില്‍ നിന്നൊഴുവാക്കും. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്തവര്‍ ജൂലൈ 4 മുതല്‍ സഭയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കുമെന്ന പഴയ സര്‍ക്കുലര്‍ നിലനില്‍ക്കുമെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഏകീകൃത കുര്‍ബാന പരിചയപ്പെടുത്തുന്നതിന് സമയം അനുവദിക്കുമെങ്കിലും ഇത് സ്ഥിരമായുള്ള ഇളവല്ലെന്നും ഏകീകൃത കുര്‍ബാന മാത്രം അനുവദനീയമായ സമയം പിന്നീട് അറിയിക്കും.
സഭയിലെ മറ്റ് രൂപതകളില്‍ നിന്നുള്ള പുരോഹിതര്‍ എത്തുമ്പോള്‍ അതിരൂപയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അവതരിപ്പിക്കാന്‍ അവസരം നല്‍കണം. സഭയിലെ കൂട്ടായ്മ തകര്‍ക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും വീഴ്ച വരുത്തിയാല്‍ നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: