തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്പരിശോധനകളില് അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലില്‍ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാന്‍ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്. അങ്ങനെയാവാം ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് ഉള്‍പ്പെട്ടതെന്നും ഡിജിപി പറഞ്ഞു.
ടിപി കേസ് പ്രതികള്‍ക്ക് 20വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന ഉത്തരവ് ജയില്‍ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല. ഇനി പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പോലും ജയില്‍ ആസ്ഥാനത്തെ അന്തിമപട്ടിയില്‍ അവരുടെ പേര് ഉള്‍പ്പെടില്ലെന്നും ജയില്‍ മേധാവി പറഞ്ഞു. ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെടുന്ന കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് പുറത്തുവന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണു ജയില്‍ സൂപ്രണ്ടിന്റെ നടപടി.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2022ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാല്‍ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂണ്‍ 13ന് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു.
ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കില്‍ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ പ്രതികള്‍ക്ക് എപ്പോഴും സഹായം നല്‍കിയിരുന്നെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎല്‍എ പ്രതികരിച്ചു.
‘പ്രതികള്‍ക്കു വഴിവിട്ട് പരോള്‍ നല്‍കാനും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സര്‍ക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും’ – രമപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: