ആന്റിഗ്വ: അന്താരാഷ്ട്ര കരിയറില്‍ ആദ്യ ഹാട്രിക് നേട്ടം കുറിച്ച് ഓസ്ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സ്. താരത്തിന്റെ ബൗളിങ് മികവില്‍ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഓസീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സില്‍ ഒതുക്കി. ഓസീസ് രണ്ടാമത് ബാറ്റ് ചെയ്ത് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കെ മഴയെത്തി. ഒടുവില്‍ 11.2 ഓവറില്‍ ഓസീസ് 100 റണ്‍സിലെത്തിനില്‍ക്കെ കളി മുന്നോട്ട് പോകില്ലെന്നുറപ്പാക്കി. തുടര്‍ന്ന് ഡക്വര്‍ത്ത്ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയ വിജയികളായി.
കമ്മിന്‍സിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് പിന്നാലെ ഡേവിഡ് വാര്‍ണറും(പുറത്താകാതെ 53) ട്രാവിസ് ഹെഡും(31) ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ഹെഡ് പുറത്തായി തൊട്ടുപിന്നാലെ നായകന് മിച്ചല്‍ മാര്‍ഷും(ഒന്ന്) പുറത്തായി. പകരമെത്തിയ ഗ്ലെന്‍ മാക്സ്വെല് വാര്‍ണറുമൊത്ത് വമ്പന്‍ ഷോട്ടുകള്‍ പായിച്ചു നില്‍ക്കെയാണ് മഴ വീണ്ടും കളി തടസ്സപ്പെടുത്തിയത്. തുടര്‍ന്നാണ് മഴ നിയമപ്രകാരം വിജയിയെ നിര്‍ണയിക്കാന്‍ തീരുമാനിച്ചത്. ജയത്തെ തുടര്‍ന്ന് ഗ്രൂപ്പ് ഒന്നില്‍ ഭാരതത്തെ മറികടന്ന് ഓസീസ് മുന്നിലെത്തി. ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. റണ്‍ നിരക്കില്‍ ഓസീസ് ഭാരതത്തെ മറികടന്നു.
ഇന്നലത്തെ പോരാട്ടത്തില്‍ ഓസീസ് നായകന് മിച്ചല്‍ മാര്‍ഷ് ആണ് ടോസ് നേടിയത്. എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. ബംഗ്ലാ നായകന് നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ(41), ടൗഹിഡ് ഹൃദോയ് (40) എന്നിവര്‍ മാത്രമാണ് മികവ് കാട്ടിയത്. ഒടുവില്‍ ടാസ്കിന് അഹമ്മദും മികച്ച മത്സരമാണ് (13) നടത്തിയത്.
രണ്ട് വീതം ഓവറുകളിലായാണ് കമ്മിന്‍സ് ഹാട്രിക് ആഘോഷിച്ചത്. 18-ാം ഓവര്‍ എറിഞ്ഞ താരം അഞ്ചാം പന്തില്‍ മഹ്മദുല്ലയെ(രണ്ട്) ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ക്രീസിലേക്കെത്തിയ മെഹദി ഹസനെ ആദം സാംപയുടെ കൈകളിലെത്തിച്ചു. പിന്നീട് കമ്മിന്‍സ് അവസാന ഓവര്‍ ആണ് എറിയാനെത്തിയത്. അതിലെ ആദ്യ പന്തില്‍ മികച്ച ഫോമില്‍ നിന്ന ടൗഹിദ് ഹൃദോയിയെ പുറത്താക്കി ഹാട്രിക് തികയ്ക്കുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞ കമ്മിന്‍സ് 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഓസ്ട്രേലിയയുടെ ഏകദിന, ടെസ്റ്റ് നായകനായ കമ്മിന്‍സ് ആണ് ഇന്നലെ കളിയിലെ താരമായത്. ഓസ്ട്രേലിയയ്ക്കായി ആദം സാംപയും(രണ്ടിന് 24) മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: