കണ്ണൂര്‍: പാനൂര്‍ മനേക്കരയില്‍ ഏപ്രില്‍ മാസം കണ്ടെത്തിയ 35 പെരുമ്പാമ്പിന്‍ മുട്ടകളും വിരിഞ്ഞു. പാമ്പുകളെ കണ്ണവം കാട്ടില്‍ വിടും. പാലക്കാട് ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനായ മനേക്കര കുനിയാമ്പ്രത്തെ പാളില്‍ വികാസിന്റെ പറമ്പില്‍ നിന്നാണ് കൂറ്റന്‍ പെരുമ്പാമ്പിനെയും മുട്ടകളും പിടികൂടിയത്. ഫോറസ്റ്റ് വാച്ചറായ ബിജിലേഷ് കോടിയേരിയാണ് മുട്ടകള്‍ സംരക്ഷിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് കുട്ടികള്‍ കളിക്കുന്നതിന് സമീപം വച്ച് വികാസ് പെരുമ്പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് വാച്ചര്‍ ബിജിലേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തൊട്ടപ്പുറത്തെ പറമ്പിനോട് ചേര്‍ന്ന കുഴിയില്‍ 35 പെരുമ്പാമ്പിന്റെ മുട്ടകളും കണ്ടെത്തി. കുഴിയില്‍ നിന്നും മുട്ടകള്‍ശ്രദ്ധയോടെ പെട്ടിയിലേക്ക് മാറ്റിയ ബിജിലേഷ് തൊട്ടപ്പുറത്തെ കുഴിയിലേക്ക് ഇഴഞ്ഞു കയറിയ പെരുമ്പാമ്പിനെ ഏറെ സമയമെടുത്ത് പിടികൂടുകയും ചെയ്തു.
പിടികൂടിയ പെരുമ്പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടു. തുടര്‍ന്ന് മുട്ടകള്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ബിജിലേഷ് തന്റെ സംരക്ഷണയില്‍
സൂക്ഷിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുട്ടകള്‍ വിരിയാന്‍ തുടങ്ങിയത്.
തിങ്കളാഴ്‌ച്ചയായപ്പോഴേക്കും 35 മുട്ടകളും പൂര്‍ണ്ണമായും വിരിഞ്ഞു. നേരത്തെയും പെരുമ്പാമ്പിന്‍ മുട്ടകള്‍ ലഭിച്ചിരുന്നെങ്കിലും ആദ്യമായാണ് 35 മുട്ടകള്‍ ഒന്നിച്ച് ലഭിച്ചതെന്നും ഇവയെ കണ്ണവം കാട്ടില്‍ തുറന്ന് വിടുമെന്നും ബിജിലേഷ് പറഞ്ഞു.
1972-ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പാമ്പാണ് പെരുമ്പാമ്പ്. ഇവയെ ഉപദ്രവിക്കുന്നത് 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വനം
വകുപ്പിന്റെ ലൈസന്‍സുള്ളവര്‍ക്ക് മാത്രമെ പാമ്പുകളെ പിടികൂടാന്‍ അധികാരമുള്ളൂവെന്നും കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പ് പുറത്തിറക്കിയ സര്‍പ്പ ആപ്പിലൂടെ ലഭിക്കുമെന്നും ബിജിലേഷ് പറഞ്ഞു. മറ്റൊരു റസ്‌ക്യുവറായ യാഗേഷ് കൃഷ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.











