ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യക്കാരെ രക്ഷിച്ചെന്നും അടുത്ത മൂന്നാമൂഴത്തില്‍ അദ്ദേഹം ഇന്ത്യയെ രക്ഷിയ്ക്കുമെന്നും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം മൂന്നാം മോദി സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കേണ്ട പ്രതീക്ഷ പങ്കുവെച്ചത്.
ആദ്യ രണ്ട് മോദി സര്‍ക്കാരുകള്‍ കക്കൂസ് പണിതും സൗജന്യമായി ഗ്യാസ് നല്‍കിയും കോവിഡ് കാലത്ത് വാക്സിന് നല്‍കിയും പാകിസ്ഥാന് തീവ്രവാദികളുടെ പുല്‍വാമ ആക്രമണത്തിന് പകരമായി ബാലകോട്ട് ആക്രമണം നടത്തിയും ജല്ജീവന്മിഷനിലൂടെ കുടിവെള്ളം നല്‍കിയും ഇന്ത്യക്കാരെ രക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. – ആനന്ദ് രംഗനാഥന് പറയുന്നു.
പക്ഷെ മൂന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയെ രക്ഷിക്കുന്ന സര്‍ക്കാരായി മാറണം. ഹിന്ദുക്കളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ല. ഹിന്ദുക്കള്‍ക്കെതിരെ ദശകങ്ങളായി തുടരുന്ന വിവേചനം അവസാനിപ്പിക്കണം. കൂട്ടുകക്ഷി മന്ത്രിസഭയുടെ ധര്‍മ്മത്തേക്കാള്‍ ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കാന്‍ മോദി ശ്രമിക്കണം.- ആനന്ദ് രംഗനാഥന് പറയുന്നു. ഈ ട്വീറ്റിനോട് നിരവധി പേരാണ് പ്രതികരിച്ചത്.
“ആനന്ദ് രംഗനാഥന് പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. എന്തായാലും മോദിജി ഹിന്ദുക്കള്‍ക്കെതിരെ വിവേചനമുണ്ടാക്കുന്ന നിയമങ്ങള്‍ തൂത്തെറിയുമെന്നുറപ്പാണ്. പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ സൗജന്യവാഗ്ദാനങ്ങളില്‍ ഹിന്ദുക്കള്‍ വീഴുന്നത് തടയാന്‍ മോദിജിക്ക് ആകുമോ?. തടസ്സങ്ങള്‍ ഉയര്‍ത്തുന്ന പ്രതിപക്ഷത്തെ മൂന്നാംമോദി സര്‍ക്കാരിന് നേരിടുക എന്നത് വിഷമകരമാണ്. പക്ഷെ എന്‍ഡിഎ എല്ലാ ഭാവിതടസ്സങ്ങളെയും അതിജീവിച്ച് മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.”.- പത്മജ എന്ന സ്ത്രീയുടെ പ്രതികരണമാണിത്. ആനന്ദ് രംഗനാഥന്റെ ഈ കുറിപ്പിനോട് നൂറുകണക്കിന് പേരാണ് പ്രതികരിച്ചിരിക്കുന്നത്.
ആനന്ദ് രംഗനാഥന്റെ ഹിന്ദൂസ് ഇന്‍ ഹിന്ദുരാഷ്ട്ര ( Hindus in Hindu Rashtra-ഹിന്ദുരാഷ്ട്രത്തിലെ ഹിന്ദുക്കള്‍) എന്ന പുസ്തകം പ്രസിദ്ധമാണ്. ഹിന്ദുസമുദായം നേരിടുന്ന അനീതികളെക്കുറിച്ച് വായിക്കുമ്പോള്‍ നിങ്ങളുടെ രക്തം തിളപ്പിയ്ക്കുന്ന പുസ്തകം എന്നാണ് ഇതിനെക്കുറിച്ച് സാധാരണ വായനക്കാരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: