നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്‌സലൈറ്റുകളും തമ്മിൽ ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ എട്ട് നക്സലൈറ്റുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചതായും വിവരം ലഭിച്ചു.
നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനുമായി പുറപ്പെട്ടപ്പോഴാണ് അബുജ്മദ് വനത്തിൽ ഇന്ന് രാവിലെ വെടിവെയ്പുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) 53-ാം ബറ്റാലിയനും ഉൾപ്പെടുന്ന ഓപ്പറേഷൻ ജൂൺ 12 ന് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനം മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ഈ വർഷം 131 നക്സലുകൾ കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ 22 സാധാരണക്കാരും 10 സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: