ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി കുളിച്ച് യാത്ര ചെയ്ത് ദൃശ്യങ്ങള്‍ യൂടൂബിലിട്ട് കുടുങ്ങിയ വ്ലോഗര്‍ സഞ്ജു ടെക്കി സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്കി. മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ നല്കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലായിരുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടി ഉണ്ടാവരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെടുന്നു. വിശദീകരണം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
അതിനിടെ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹികസേവനം തുടരുകയാണ്.ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസമാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയത്. ഇനി 11 ദിവസം കൂടി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യേണ്ടതുണ്ട്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് സേവനം ചെയ്യേണ്ടത്.
യൂട്യൂബില്‍ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കി ദൃശ്യങ്ങള്‍ യൂട്യൂബിലിട്ടത്. കാറിന് നടുവിലെ രണ്ട് സീറ്റുകള്‍ മാറ്റി പകരം പ്ലാസ്റ്റിക് ടാര്‍പോളിന്‍ കൊണ്ട് സ്വിമ്മിംഗ് പൂള് തയാറാക്കി. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ട ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം കാര്‍ കസ്റ്റഡിയിലെടുത്തു.എന്നാല്‍ നിയമനടപടി മൂലം തനിക്ക് കൂടുതല്‍ ഫോളോവേഴ്സിനെ ലഭിച്ചെന്നും കൂടുതല്‍ പണം ലഭിക്കുമെന്നും പരിഹസിച്ച് വീണ്ടും സഞ്ജു ടെക്കി രംഗത്തു വന്നു. ഇതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: