കഴക്കൂട്ടം: അക്കൗണ്ട് ഉടമ അറിയാതെ ട്രഷറി അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം സബ് ട്രഷറിയിലാണ് തിരിമറി നടന്നത്.
ശ്രീകാര്യം ചെറുവയ്‌ക്കല്‍ നിന്നും തിരുമലയില്‍ താമസിക്കുന്ന എം. മോഹന കുമാരിയുടെ അക്കൗണ്ടില്‍ നിന്നാണ് രണ്ടു തവണയായി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. ട്രഷറി ചെക്ക് മുഖേനയാണ് ആള്‍മാറാട്ടം നടത്തി തുക പിന്‍വലിച്ചിരിക്കുന്നത്. അക്കൗണ്ട് ഉടമയുടെ സമ്മതപത്രമോ ചെക്ക്‌ലീഫ് ആവശ്യപ്പെട്ടുള്ള അപേക്ഷയോ മോഹനകുമാരി നല്‍കിയിട്ടില്ല.
ഒപ്പിലോ മറ്റോ ചെറിയ ഒരു വ്യത്യാസം വന്നാല്‍പ്പോലും ഇടപാട് നടത്താനാകാത്ത സാഹചര്യത്തില്‍ ട്രഷറി ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്തരം തട്ടിപ്പുകള്‍ നടക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാനായി ജില്ലാ ട്രഷറിയില്‍ എത്തിയ മോഹനകുമാരി സ്‌റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിക്കുമ്പോഴാണ് മൂന്നാം തീയതിയിലും നാലാം തീയതിയിലുമായി തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നതായി മനസിലായത്. മൂന്നാം തീയതി 2 ലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും ആണ് പിന്‍വലിച്ചിട്ടുള്ളത്.
കഴക്കൂട്ടം സബ് ട്രഷറിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ചെക്ക് വഴിയാണ് പണം പിന്‍വലിച്ചതെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. തൊട്ടടുത്ത നമ്പറിലുള്ള രണ്ട് ചെക്കുകള്‍ മുഖേനയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ മോഹനകുമാരിയുടെ കയ്യിലുള്ള ചെക്ക് ഉപയോഗിച്ചല്ല പണം പിന്‍വലിച്ചത് എന്ന് പരിശോധനയില്‍ വ്യക്തമായി.
സബ് ട്രഷറി ഓഫീസര്‍ക്ക് മോഹനകുമാരി പരാതി നല്‍കി.വകുപ്പ് തല പ്രാഥമിക പരിശോധനയില്‍ മോഹനകുമാരിയുടെ ആവശ്യപ്രകാരമല്ലാതെ മെയ് മാസത്തില്‍ സബ്ട്രഷറി ഓഫിസില്‍ നിന്ന് പുതിയ ചെക്ക് ബുക്ക് നല്‍കിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതില്‍ നിന്നുള്ള ചെക്ക് ലീഫ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചിരിക്കുന്നത് എന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഒപ്പും ഇന്‍ഷ്യലും വ്യാജമാണ് എന്ന് മോഹനന്‍മാരിയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: