തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാൽ ഇടതുമുന്നണിയിൽ പൊട്ടിത്തെറി തുടങ്ങി. സിപിഎമ്മിനെതിരെ എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡി നേതാവ് എം. വി ശ്രേയാംസ്കുമാർ പരസ്യമായി രംഗത്തെത്തി. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എം വി ശ്രേയാംസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭാ സീറ്റുമായി വന്നിട്ടും കാര്യമായ പരിഗണന ലഭിച്ചില്ല. 2024ൽ രാജ്യസഭാ സീറ്റ്ആർജെഡിക്ക് തരേണ്ട മാന്യത എൽഡിഎഫ് കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 2018ലാണ് ഞങ്ങൾ ഇടതുമുന്നണിയിലെത്തിയത്. അടുത്ത വർഷം ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു. എന്നാൽ പിന്നീട് ഒരു പരിഗണനയും ലഭിച്ചില്ല. ഈ വർഷം സീറ്റ് തിരികെ നൽകാൻ സിപിഐ തയാറാകണമായിരുന്നു. മുന്നണിയിലേക്ക് ക്ഷണിച്ചിട്ട് തന്നെയാണ് വന്നത്. സംസ്ഥാനത്ത് ആർജെഡിക്ക് മന്ത്രിപദവി വേണം – ശ്രേയാംസ് കുമാർ പറഞ്ഞു.
ലോക്സഭാ സീറ്റിന്റെ കാര്യം 2024ൽ പരിഗണിക്കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 2019ൽ ഉറപ്പുനൽകിയതാണ്. എന്നിട്ടും 2024 ൽ പരിഗണിച്ചില്ല. അതിൽ നിരാശയുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തിച്ചു. തുടക്കം മുതൽ സംസ്ഥാന മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതാണ്. പക്ഷേ, ആർജെഡിയെ മാത്രം പരിഗണിക്കുന്നില്ല. ജെ ഡിഎസിനുള്ള പരിഗണന പോലും തങ്ങൾക്കു നൽകുന്നില്ല. ആർജെഡി മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ല. മുന്നണിയിൽ പതിനൊന്നാമത്തെ പാർട്ടിയായി മാത്രമേ പരിഗണിക്കുന്നുള്ളു.
പാർട്ടി പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. എൽഡിഎഫ് ഈ അവഗണന അവസാനിപ്പിക്കണമെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: