തിരുവനന്തപുരം: കേരളത്തിലെ പത്രമാധ്യമങ്ങളിലെ ജീവനക്കാരുടെ സംസ്ഥാന സംഘടനയായ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സ്ഥാപനത്തില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന്റെയും സംയുക്ത ആക്ഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
കേരളത്തിലെ പത്രസ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതിയോട് തികഞ്ഞ അവഗണനയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഷങ്ങളായി സംഘടന ആവശ്യപ്പെടുന്ന ഒട്ടേറെ ആവശ്യങ്ങള്‍ പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ ഒരു മറുപടി നല്‍കുന്നില്ല. ഇതിലൂടെ അംഗത്വത്തിനും പെന്‍ഷനും അപേക്ഷ നല്കി കാത്തിരിക്കുന്ന നൂറ് കണക്കിനാളുകളുടെ കാര്യത്തില്‍ ഒരു തീരുമാനവും കൈക്കൊള്ളാന്‍ കഴിയുന്നില്ല.
ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ നിയമാവലിയില്‍ കാലാകാലങ്ങളില്‍ വേണ്ട ഭേദഗതികള്‍ വരുത്തേണ്ടത് സര്‍ക്കാരും സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു സമിതിയാണ്. മുഖ്യമന്ത്രി ചെയര്‍മാനായ ഈ സമിതി കൂടിയിട്ടു വര്‍ഷങ്ങളായി. ഈ സമിതിയെ നോക്കുകുത്തിയാക്കിപുതിയ നിയമങ്ങളും നിര്‍ദേശങ്ങളും ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കുകയാണ്.
അംഗത്വം ലഭിക്കുന്നതിനും പെന്ഷന് നല്‍കുന്നതിനും കമ്മിറ്റി ചര്‍ച്ചകളിലൂടെ കൈക്കൊണ്ട തീരുമാനങ്ങള്‍ നിലനില്‍ക്കെ തന്നെ കമ്മിറ്റിയുടെ അഭിപ്രായം ആരായാതെ ഒട്ടേറെ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഈ മേഖലയില്‍ പണിയെടുക്കുന്ന അയ്യായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഒരു കൈതാങ്ങായി ഇരുപത്തഞ്ച് വര്‍ഷമായി നടക്കുന്ന ഒരു കോണ്‍ട്രിബ്യൂട്ടറി പെന്ഷന് പദ്ധതിയെ ഏകപക്ഷീയമായ നിലപാടുകളിലൂടെ തകിടം മറിക്കുന്നതിന് ഇടയാക്കുന്ന നടപടികളില്‍ കെഎന്‍ഇഎഫ്- എന്‍ജെപിയു ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം അറിയിക്കുന്നു.
മുഖ്യമന്ത്രി അടിയന്തിരമായി കമ്മിറ്റി വിളിച്ച് കൂട്ടി പ്രശ്ന പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് വി.എസ്.ജോണ്സണ്, ജനറല്‍ കണ്‍വീനര്‍ വി. ബാലഗോപാലന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: