ഭുവനേശ്വര്‍: ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനായ വി.കെ. പാണ്ഡ്യന് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജു ജനതാ ദളിന് (ബിജെഡി) കനത്ത പരാജയം നേരിടേണ്ടി വന്നതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചത്.
നവീന്‍ ബാബുവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ തന്റെ ഉദ്ദേശ്യമെന്നും ഇപ്പോള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും പാണ്ഡ്യന് വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും പാണ്ഡ്യന് പറഞ്ഞു. 2000 ബാച്ച് ഐഎഎസ് ഓഫീസറായിരുന്ന പാണ്ഡ്യന് രണ്ട് പതിറ്റാണ്ടു കാലത്തോളം നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
സര്‍വീസില്‍ നിന്നും സ്വയം വിരമിക്കലിനുശേഷം 2023ലാണ് അദ്ദേഹം ബിജെഡിയില്‍ ചേര്‍ന്നത്. പാണ്ഡ്യന് സൂപ്പര്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുകയാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെഡിക്കത് വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: