ന്യൂദല്‍ഹി: നീറ്റ് പരീക്ഷയെ മോദിയ്‌ക്കെതിരായ ആയുധമാക്കി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചതിനിടയിലാണ് അത് കേന്ദ്രത്തിനെതിരായ സമരമാക്കി തിടുക്കപ്പെട്ട് കോണ്‍ഗ്രസ് നീങ്ങുന്നത്. നാല് ദിവസം മുന്‍പ് തന്നെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയിരുന്നു. വിവാദം ഊതിപ്പെരുപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. അതിനായി അവര്‍ മറ്റ് പല ശക്തികളുമായി കൈകോര്‍ത്ത് നീറ്റ് പരീക്ഷയെ വിവാദമാക്കി മാറ്റുന്നതിന് ശ്രമിക്കുന്നതായും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.
സമൂഹമാധ്യമങ്ങളില്‍ നീറ്റ് പരീക്ഷയെക്കുറിച്ച് ഇല്ലാക്കഥകളും ചില ദുഷ്ടശക്തികള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ബോര്‍ഡ് പരീക്ഷയില്‍ പാസാകാത്ത ആള്‍ നീറ്റ് പരീക്ഷ പാസായി എന്ന രീതിയില്‍ വരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സുപ്രീംകോടതില്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തു എന്ന രീതിയിലുള്ള പ്രസ്താവന നടത്തി നീറ്റ് പരീക്ഷയെ മൊത്തത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി ഞായറാഴ്ച നടത്തിയ പ്രസ്താവന.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം കത്തിച്ചുനിര്‍ത്തുന്നതിന് പിന്നില്‍ ഒരു ആസൂത്രിതരാഷ്‌ട്രീയ നീക്കം ഉണ്ടെന്ന് സംശയം ഉയരുന്നുണ്ട്. കേരളത്തിലെ സൈലം, ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഫിസിക്സ് വാല ഉള്‍പ്പെടെയുള്ള നിരവധി കോച്ചിംഗ് സെന്‍ററുകള്‍ വരെ അത്ഭുതപ്പെടുത്തുന്ന വേഗതയില്‍ സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതും അസാധാരണനീക്കമായി തോന്നുന്നു. ഏതോ അദൃശ്യശക്തികള്‍ കേസ് കൊടുപ്പിച്ചതുപോലെയുള്ള ഒരു ചിന്തയാണ് നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന എന്‍ടിഎയ്‌ക്കുള്ളത്. അതേ സയമം നീറ്റ് കോച്ചിംഗ് രംഗത്തെ മികച്ച സ്ഥാപനങ്ങളായ പാലാ ബ്രില്യന്‍സ്സ്, ടോപ്പേഴ്സ് അക്കാദമി, ആകാശ്, അലെന്‍ കരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിറ്റ്ജീ, മാര്‍ഗ്ശ്രീ, പേസ് ഇവയൊന്നും കേസിന് പോകാന്‍ താല്‍പര്യപ്പെട്ടിട്ടില്ല. .
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് എന്‍ടിഎ ചെയര്‍മാന്‍ സുബോധ് കുമാര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ എന്‍എസ് യു -ഐയെ ഇറക്കി പൊലീസുമായി ഏറ്റുമുട്ടലുണ്ടാക്കുന്ന തരത്തില്‍ ദല്‍ഹിയില്‍ മോദിയുടെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം തന്നെ സമരം ചെയ്യിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നീറ്റിനെതിരെ നിലപാട് എടുത്ത പാര്‍ട്ടിയാണ്. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നതാണ് സ്റ്റാലിന്റെ ആവശ്യം. ഇത് വഴി തമിഴ്നാട്ടിലെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ മന്ത്രിമാരുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളെജിലെ സീറ്റുകള്‍ വില്‍ക്കാമെന്ന ദുഷ്ടലാക്കും ഉണ്ട്. ഡിഎംകെയും നീറ്റ് പരീക്ഷ വിവാദമാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: