ന്യൂദല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചിരിപ്പിക്കുന്നതാണെന്ന് പരിഹസിച്ച തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് മറുപടിയുമായി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞടുപ്പ് ഫലം വന്നുകഴിയുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഒരു ജിമ്മും ശശി തരൂര്‍ ഇംഗ്ലീഷ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടും തുടങ്ങുന്നതാവും നല്ലതെന്ന് രാജീവ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുല്‍ ഒരു ജിം തുടങ്ങണം. ശശി തരൂര്‍ ഒരു ഇംഗ്ലീഷ് പരിശീലന കേന്ദ്രവും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍, ഭാഷാപരിജ്ഞാനം ഉള്ളവരും വാചാലമായി സംസാരിക്കാന്‍ കഴിയുന്നവരുമായ നിരവധി ആളുകള്‍ ഉണ്ട്. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് ഫലം പുതിയ ജോലി സാധ്യതകള്‍ തുറക്കുമെന്നാണ് ഞാന്‍ കരുതുന്നത്’, രാജീവ് ചന്ദ്രശേഖര്‍ എഎന്‍ഐയോട് പറഞ്ഞു.
ജനങ്ങള്‍ക്കാവശ്യം അവരെ സേവിക്കുന്ന, ജീവിത നിലവാരം ഉയര്‍ത്തുന്ന രാഷ്ട്രീയനേതാക്കളെയാണ്. രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ യോഗ്യതകളില്ല, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപിക്ക് തുടര്‍ഭരണം പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍ പരിഹാസ്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ‘എക്സിറ്റ് പോളുകളെ ഞങ്ങള്‍ അവിശ്വാസത്തോടെയാണ് കാണുന്നത്. രാജ്യത്തുടനീളം പ്രചാരണം നടത്തിയവരാണ് ഞങ്ങള്‍. ജനങ്ങളുടെ പള്‍സ് എന്താണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്’, എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: