മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ, ഉദ്ധവ് താക്കറെ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മന്ത്രി രവി റാണ. മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നും എന്‍ഡിഎയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് ഇരുപത് ദിവസത്തിനകം ഉദ്ധവ് താക്കറെ മോദി സര്‍ക്കാരിന്റെ ഭാഗമാകുമെന്നും റാണ പറഞ്ഞു.
ഏകനാഥ് ഷിന്‍ഡെ ശിവസേനയില്‍ നിന്നും അജിത് പവാര്‍ എന്‍സിപിയില്‍ നിന്നും രാജിവയ്ക്കുമെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ ഉദ്ധവ് താക്കറെ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ബാലാസാഹെബ് താക്കറെയുടെ മകനായതിനാല്‍ ഉദ്ധവിനായി ഒരു വാതില്‍ എപ്പോഴും തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതുവഴി ഉദ്ധവ് എന്‍ഡിഎയിലേക്ക് എത്തുമെന്നും റാണ പറഞ്ഞു.
ബാലാസാഹേബ് താക്കറയുടെ സ്നേഹവും വാത്സല്യവും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. എന്നും താന്‍ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഉദ്ധവിന് എന്തെങ്കിലും വിഷമമുണ്ടായാല്‍ സഹായത്തിനായി ആദ്യമെത്തുക താനായിരിക്കുമെന്നുമായിരുന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
എന്നാല്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ താനില്ലെന്നായിരുന്നു താക്കറെയുടെ പ്രതികരണം. അതേസമയം, ഇക്കാര്യത്തില്‍ ശിവസേന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ നേതൃത്വത്തിലുളള ശിവസേന വലിയ രണ്ടാമത്തെ പാര്‍ട്ടിയാകുമെന്നാണ് എക്സിറ്റ്പോളുകള് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: