ന്യൂദല്‍ഹി: മാലദ്വീപ് യാത്രയ്ക്കുള്ള ബുക്കിങ് ട്രാവല്‍ ഏജന്‍സിയായ ഈസ് മൈ ട്രിപ് ആരംഭിച്ചുവെന്ന കോണ്‍ഗ്രസ് പരാമര്‍ശത്തിന് മറുപടിയുമായി ഈസ് മൈ ട്രിപ് സ്ഥാപകന്‍ നിഷാന്ത് പിട്ടി. മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് നന്ദിയുണ്ട്. എന്നാല്‍ തങ്ങളുടെ ബിസിനസ് കാര്യങ്ങളില്‍ വളരെയധികം തല പുകയ്ക്കേണ്ടതില്ലെന്നും നിഷാന്ത് പിട്ടി മറുപടി നല്കി. മാലദ്വീപിലെ മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചപ്പോള്‍ ദ്വീപിലേക്കുള്ള യാത്രകളുടെ ബുക്കിങ് നിര്‍ത്തി വച്ച ഈസ് മൈ ട്രിപ്പ് ഇപ്പോള്‍ എന്തുകൊണ്ട് യാത്രകള്‍ പുനരാംരഭിച്ചുവെന്ന കോണ്‍ഗ്രസിന്റെ കേരള ഘടകം എക്സില്‍ പോസ്റ്റ് ചെയ്ത ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.
കോണ്‍ഗ്രസുകാരുടെ ആശങ്കകള്‍ക്ക് നന്ദിയുണ്ട്. ഈസ് മൈ ട്രിപ്പ് ജനുവരി എട്ട് മുതല്‍ ഇന്ന് വരെ മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകള്‍ നിര്‍ത്തി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് മെയ് 16 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ മാലദ്വീപിലേക്ക് ഏതാനും ചില ബുക്കിങ്ങുകള്‍ നടന്നത്. എന്നാല്‍ അവ നീക്കം ചെയ്യാനുള്ള നടപടികള്‍ ഈസ് മൈ ട്രിപ്പ് തുടങ്ങിക്കഴിഞ്ഞു, നിഷാന്ത് വ്യക്തമാക്കി.
എന്തുകൊണ്ട് ഞങ്ങളെ മാത്രം നിങ്ങള്‍ ശ്രദ്ധിക്കുന്നു. ചൈനയുടെ ഉടമസ്ഥതയിലുള്ള പോര്‍ട്ടലുകള്‍ ഇപ്പോഴും മാലദ്വീപിനെ പുകഴ്ത്തി പറയുന്നതും മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുന്നതും നിങ്ങള്‍ കാണുന്നില്ലേ. ഈസ് മൈ ട്രിപ്പ് 16 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. ഒരു വിദേശ നിക്ഷേപങ്ങളും സ്വീകരിക്കാതെയാണ് ഞങ്ങള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഒന്നും നില നില്ക്കുന്നതല്ല. പണം വരും പോകും. എന്നാല്‍ ദേശത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത എപ്പോഴും നില നില്‍ക്കുന്നതാണ്, അദ്ദേഹം വിശദീകരിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ഇസ് മൈ ട്രിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും രാജ്യത്തോടുള്ള പ്രതിബദ്ധത കാരണവും മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും ബുക്കിംഗുകള്‍ തുടങ്ങിയിരിക്കുന്നു. ഇതിന് പിന്നിലെന്തെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. പണം വരും പോകും. പക്ഷേ നിങ്ങള്‍ക്ക് പ്രധാനമന്ത്രിയെക്കാള്‍ വലുത് ഇപ്പോള്‍ പണമായോ എന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിവാദ പരാമര്‍ശം. ഇതിന് പിന്നാലെയാണ് മറുപടിയുമായി നിഷാന്ത് പിട്ടി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: