തൃശൂർ: ജിമ്മിൽ പോയി മസ്സിൽ കൂട്ടുമ്പോൾ കൂട്ടത്തിൽ ഇഞ്ചക്ഷനും മരുന്നുകളും എടുക്കുന്നവർ ശ്രദ്ധിക്കുക, ഇത് നിങ്ങളെ മരണത്തിലേക്ക് പോലും നയിച്ചേക്കാം. പല ജിമ്മന്മാരും കുഴഞ്ഞു വീണു മരിച്ചെന്നുള്ള വാർത്തകൾ ഇപ്പോൾ സർവ്വ സാധാരമാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ വ്യാപകമായി പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഡോക്ടർമാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രോട്ടീൻ വിൽക്കുന്ന കടയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത് ലൈസൻസില്ലാത്ത മരുന്നുകളുടെ വൻ ശേഖരം. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ജിമ്മിലെത്തുന്നവർക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള കുത്തിവയ്‌പ്പെന്ന നിലയിലാണ് ഇവ വിറ്റിരുന്നതെന്നാണ് ഡ്രഗ്‌സ് കൺട്രോൾ അധികൃതർ പറയുന്നത്. ജിമ്മിലെത്തുന്നവർക്ക് അനധികൃതമായി വിറ്റിരുന്ന സ്റ്റിറോയ്‌ഡ് ഉൾപ്പടെയുള്ള മരുന്നുകളുടെ വൻ ശേഖരവും ഇവിടെനിന്ന് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.
സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും അനധികൃത മരുന്നുകളുടെ ശേഖരം കണ്ടെത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഉപയോഗിച്ചാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ മരുന്നുകൾ എന്നാണ് അധികൃതർ പറയുന്നത്. പരാതിയെ തുടർന്ന് പൊലീസും ഡ്രഗ്‌സ് കൺട്രോൾ അധികൃതരും ചേർന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടന്ന സ്ഥാപനത്തിനെതിരെ നേരത്തേയും ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: