ന്യൂദല്‍ഹി: നിരോധിത ഭീകരസംഘടനയായ പിഎഫ്ഐക്കെതിരായ എന്‍ഐഎയുടെ കണ്ടെത്തലുകള്‍ ശരിവെച്ച് ദല്‍ഹി ഹൈക്കോടതി.
പിഎഫ്ഐയുടെ ആശയ പ്രചാരണത്തിന് മാത്രമായിരുന്നില്ല പ്രവര്‍ത്തനങ്ങള്‍ എന്നും അതിലും എത്രയോ ഉപരിയായിരുന്നുവെന്നും ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. പിഎഫ്ഐ നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ്, ജസ്റ്റിസ് മനോജ് ജെയിന് എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളില്‍ പ്രതിക്ക് വ്യക്തമായ പങ്കുള്ളതായി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ല. ഭരണഘടനയ്ക്കുപകരം ഇസ്ലാമിക ഭരണം (ഖിലാഫത്ത്/ശരിയ) കൊണ്ടുവരാന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു ആയുധപരിശീലനത്തിന്റെ ലക്ഷ്യം എന്ന് സാക്ഷി മൊഴികള്‍ വ്യക്തമാക്കുന്നു.
ഹിന്ദുസംഘടനാ നേതാക്കളെ ലക്ഷ്യമിട്ട് കൊലപ്പെടുത്താനും സൈന്യത്തെ ആക്രമിക്കാനും 2047 ഓടെ ഖിലാഫത്ത് സ്ഥാപിക്കാനുമുള്ള ആസൂത്രണം സര്‍ക്കാരിനെ അട്ടിമറിക്കുക മാത്രമല്ല, ഭാരതത്തിന്റെ ഐക്യത്തെയും പരമാധികാരത്തെയും വെല്ലുവിളിക്കലായിരുന്നു ലക്ഷ്യമെന്നും വ്യക്തമാക്കുന്നതായും കോടതി വ്യക്തമാക്കി. ജാമ്യം നിഷേധിച്ച ബെഞ്ച് അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്കി.
പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും ശക്തമായ തെളിവുകളുണ്ടെന്നും എന്‍ഐഎ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പിഎഫ്ഐ പരിശീലന ക്യാമ്പുകള്‍ അടക്കം പ്രതി സംഘടിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന് അറിയിച്ചിരുന്നു.
വിചാരണകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പിഎഫ്ഐ മുന്‍ ചെയര്‍മാനായ ഇ. അബൂബക്കര്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. യുഎപിഎ നിയമപ്രകാരം 2022 സപ്തംബര്‍ 22നാണ് ഇ. അബൂബക്കറിനെ എന്‍ഐഎ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: