തിരുവനന്തപുരം: ശക്തമായ മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മരം വീണ് വീടുകള്‍ ഇടിഞ്ഞു വീണു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പാലിയോട് ആവണംകോട് മോഹനന്റെ വീട് തകര്‍ന്നു. ചെമ്പൂര് കിളിയൂര്‍ മുട്ടച്ചല്‍ വേങ്കോട് ഭാഗങ്ങളില്‍ നിരവധി മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണ് തൂണുകള്‍ ഒടിഞ്ഞു വീണു. കൃഷിഭൂമികള്‍ മിക്കതും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
കല്ലമ്പലത്ത് മുമ്മൂലി തോട് കരകവിഞ്ഞൊഴുകിയതോടെ വീടുകളില്‍ വെള്ളം കയറി. വെള്ളറട പ്ലാമ്പഴഞ്ഞി കുളത്തിനു സമീപത്തെ കൈത്തോട് കരകവിഞ്ഞ് വിശ്വനാഥന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ച് കയറി. വീട് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും സംഘവും സ്ഥലത്തെത്തി വിശ്വനാഥനെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി.
വെഞ്ഞാറമൂട് പുല്ലമ്പാറ പതിനൊന്നാം വാര്‍ഡില്‍ തെമ്പാമൂട് എആര്‍ മന്ദിരത്തില്‍ ഗീതയുടെ വീടിനോട് ചേര്‍ന്നുള്ള തോട് കര കവിഞ്ഞതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കയറി. ഫയര്‍ ഫോഴ്സ് എത്തി വീട്ടില്‍ കുടുങ്ങിക്കിടന്ന ഓമന (65),ദേവകി (95) രക്സി (15), റാണി (26), ജിബിന്‍ (29) എന്നിവരെ രക്ഷപ്പെടുത്തി.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്ന് നെയ്യാറിലേക്ക് പതിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡ് കട്ടിങ്ങില്‍ ഒലിപ്പുവിള വീട്ടില്‍ രമണിയുടെ വീട് കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നു. കുടുംബാംഗങ്ങള്‍ വീടിന്റെ പുറത്ത് ഇറങ്ങിയതിനാല്‍ ആളപായം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: