കോട്ടയം: ചങ്ങനാശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അരുണ്‍ ദാസിന്റെ കൂട്ടാളി ബിലാല്‍ മജീദ് കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട ശേഷം കഴിഞ്ഞ മാസം കോട്ടയത്ത് തിരികെയെത്തിയ ക്രിമിനലാണ്. കാപ്പ ചുമത്തി ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് നാടുകടത്തുന്നത് ഫലത്തില്‍ ഒരു കോമഡിഷോയാണ്. ഒരു ജില്ലയില്‍ കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാളെ നിശ്ചിതകാലത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുത് എന്ന് വിലക്കുകയും മറ്റൊരു ജില്ലയിലേക്ക് നാടുകടത്തുകയുമാണ് സാധാരണ ചെയ്യുക. കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്രിമിനല്‍ എറണാകുളം ജില്ലയില്‍ ചെന്നാലും തങ്ങളുടെ ലഹരിക്കച്ചവടവും ക്വട്ടേഷന്‍ പണിയും ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോവുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. കാലാവധി കഴിയുമ്പോള്‍ അയാള്‍ കോട്ടയം ജില്ലയില്‍ തിരികെ പ്രവേശിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും. സ്ഥിരം കുറ്റവാളികളെ കടുത്ത ശിക്ഷ നല്കി തുറുങ്കിലടക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പലപ്പോഴും നാടുകടത്തലില്‍ കലാശിക്കുന്നത്. അത്രയധികമുണ്ട് കുറ്റവാളികള്‍ എന്നു ചുരുക്കം. ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നില്‍ നിയമത്തിന്റെയും നിയമപാലനത്തിന്റെയും ഇത്തരം അലസ സമീപനങ്ങളാണ്.
കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം നടന്നുപോയ പെണ്‍കുട്ടിയെയാണ് അരുണ്‍ദാസ് എന്ന ക്രിമിനല്‍ ആക്രമിച്ചത്. അരുണ്‍ദാസിനെ പിടികൂടിയ നാട്ടുകാര്‍ക്ക് നേരെ മുളക് സ്പ്രേ അടിച്ച് അയാളെ രക്ഷപ്പെടുത്തിയത്് ബിലാല്‍ മജീദ്, അഫ്സല് സിയാദ് എന്നീ മറ്റു രണ്ടു ക്രിമിനലുകളാണ്്. ഇവരെ നാട്ടുകാര്‍ പിന്നീട് പിടികൂടി പോലീസിനു കൈമാറി. പിറ്റേന്നാണ് അരുണ്‍ദാസിനെ പിടികൂടാന്‍ കഴിഞ്ഞത് .എന്നാല്‍ അക്രമണത്തെക്കുറിച്ച് ചങ്ങനാശ്ശേരി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും അടക്കം ആരുംതന്നെ പ്രതികരിക്കാനോ പോലീസിനു മൊഴി കൊടുക്കാനോ തയ്യാറാകുന്നില്ല. കാരണം പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ വെല്ലുവിളിച്ചിട്ടാണ് അവര്‍ സ്റ്റേഷനിലേക്ക് പോയത്. പോലീസുകാരില്‍ നല്ലൊരു പങ്കിനും ഇത്തരം ക്രിമിനലുകളെ ഭയമാണ്. അപ്പോള്‍ പിന്നെ പാവം വ്യാപാരികളെ പറഞ്ഞിട്ടെന്തുകാര്യം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: