താഷ്കെന്റ്: ഏഷ്യന്‍ വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഭാരത താരം ദിപ കര്‍മാകര്‍. 13.566 ശരാശരി പ്രകടനത്തോടെയാണ് ദിപ സ്വര്‍ണം നേടിയത്.
30കാരിയായ ദിപയുടെ യോഗ്യതാ മത്സരത്തിലെ നേട്ടം 12.650 ആയിരുന്നു. എട്ടാം സ്ഥാനക്കാരിയായാണ് ഫൈനലിലെത്തിയത്. ഫൈനലില്‍ രണ്ട് കൊറിയന്‍ താരങ്ങളെ മറികടന്നാണ് ഭാരത താരം സ്വര്‍ണം സ്വന്തമാക്കിയത്. കൊറിയയുടെ കിം സോന്‍ ഹ്യാങ് 13.466 ഉം ജോ ക്യോങ് ബ്യോല് 12.966ഉം ആണ് നേടിയത്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ദിപയുടെ രണ്ടാം മെഡലാണിത്. ഇതിന് മുമ്പ് 2015ല്‍ ഹിരോഷിമയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു. ആഷിഷ് കുമാര്‍(2006), പ്രണതി നായക്(2019), ഉലാന്‍ ബാട്ടര്‍(2022) എന്നിവരാണ് ഇതുവരെ ഏഷ്യന്‍ ജിംനാസ്റ്റിക്കില്‍ ദിപയെ കൂടാതെയുള്ള മറ്റ് മെഡല്‍ വേട്ടക്കാര്‍. മൂന്ന് താരങ്ങളും വെങ്കല മെഡലാണ് നേടിയത്.
കാല്‍മുട്ടിലെ പരിക്കും സസ്പെന്ഷന് കാലാവധിയും കഴിഞ്ഞ് തിരിച്ചുവരവ് നടത്തിയാണ് ദിപ ഇന്നലെ ചരിത്ര മെഡല്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: