ന്യൂദല്‍ഹി: ഇന്‍ഡി സഖ്യത്തെ പിന്തുണയ്ക്കുമെന്ന മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം സംഘര്‍ഷത്തിലേക്ക്. ഇന്‍ഡി സഖ്യം സംബന്ധിച്ച് പിസിസി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ താക്കീത് നല്‍കിയതിന് പിന്നാലെ കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചു. കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് ഖാര്‍ഗെയുടെ ചിത്രങ്ങളുമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് നശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.
ഇന്‍ഡി സഖ്യം സംബന്ധിച്ച് തീരുമാനിക്കാന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആളല്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ നിന്നാല്‍ ആരായാലും പുറത്തുപോകേണ്ടി വരുമെന്നുമായിരുന്നു കഴിഞ്ഞദിവസം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ഖാര്‍ഗെയുടെ ചിത്രങ്ങളുള്ള ബോര്‍ഡുകളും ബാനറുകളും വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്തത്. കോണ്‍ഗ്രസിന്റെ ചില ഭാരവാഹികളും പ്രവര്‍ത്തകരും മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ഖാര്‍ഗെയ്ക്കെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റാണെന്ന ബോര്‍ഡുകളും കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സ്ഥാപിക്കപ്പെട്ടിരുന്നു.
പാര്‍ട്ടി അധ്യക്ഷനെതിരെയുള്ള പരാമര്‍ശങ്ങളും നടപടികളും ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബംഗാളിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയോടാണ് ദേശീയ നേതൃത്വം റിപ്പോര്‍ട്ട് തേടിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം നടപടികള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇന്‍ഡി സഖ്യമായി മത്സരി ക്കുമ്പോള് മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന് പുറത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: