തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുളള റോഡ് പണി നടക്കുന്നയിടങ്ങളില്‍ ഗതാഗതം താറുമാറായി.
ഇടുക്കിയില്‍ മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഒഴുക്കില്‍പെട്ട് കാണാതായി.മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കില്‍പെട്ടത്. ഇവരില്‍ രണ്ട് പേര് നീന്തിക്കയറി. ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്.
ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ ശക്തമായ മഴയിലും കാറ്റിലും മരം ജീപ്പിന് മുകളിലേക്ക് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാറത്തോട് സ്വദേശികളായ മാരിമുത്തു(42), പെരിയസാമി(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പെരിയ സ്വാമിയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുത്തപ്പന് പുഴ, ആനക്കാം പൊയില്‍, അരിപ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. താമരശ്ശേരി ചുങ്കം ഭാഗത്തും, കാരാടിയിലും ദേശീയ പാതയില്‍ വെള്ളം കയറി.
പീരുമേട്ടില്‍ ശക്തമായ മഴയില്‍ മുണ്ടയ്ക്കല്‍ കോളനിയില്‍ താമസിക്കുന്ന രാജുവിന്റെ വീടിന്റെ മുന്‍ഭാഗം ഇടിഞ്ഞ് വീണ് ഓട്ടോറിക്ഷ തകര്‍ന്നു. സമീപവാസിയുടെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഭിത്തി വീണത്.
കോഴിക്കോട് പന്തീരാങ്കാവ് കൊടല് നടക്കാവില്‍ ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായുള്ള സര്‍വീസ് റോഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിള്ളല്‍ വീണു. 100 മീറ്ററോളം ആഴത്തിലാണ് വിള്ളല്‍ ഉണ്ടായത്. കോഴിക്കോട് പാറോപ്പടിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിലിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരത്ത് അഗ്നിരക്ഷാനിലയത്തിലെ കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമായ ഘട്ടത്തില്‍ 0471-2333101 എന്ന നമ്പറില്‍ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: