ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 20 തിങ്കളാഴ്ച രാജ്നാഥ് സിംഗ്(ലഖ്നൗ), പീയൂഷ് ഗോയാല്‍(മുംബൈ നോര്‍ത്ത്), സ്മൃതി ഇറാനി(അമേഠി) എന്നീ മൂന്ന് കേന്ദ്രമന്ത്രിമാര്‍ ജനവിധി തേടുന്നു. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികൾ മത്സരിക്കും. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിംഗ് തുടങ്ങും.
രാഹുൽ ഗാന്ധിയ്‌ക്കെതിരെ റായ് ബറേലിയില്‍ സ്ഥാനാര്‍ത്ഥിയായ യുപി മന്ത്രി ദിനേഷ് പ്രതാപ് സിങ്ങ് അതിശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. ഇക്കുറി റായ് ബറേലിയിലും രാഹുല്‍ ഗാന്ധിയെ തറപറ്റിക്കും എന്ന ദൃഢപ്രതിജ്ഞയിലാണ് ബിജെപി. ഇതോടെ ഗാന്ധി കുടുംബത്തിന്റെ അവസാന കോട്ടയുടെയും വേരറുക്കുമെന്ന നിശ്ചയദാര്‍ഢ്യം ബിജെപിയ്‌ക്കുണ്ട്. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും പിന്‍മാറിയതോടെ സ്മൃതി ഇറാനിയ്‌ക്ക് വിജയം ഏതാണ്ട് സുനിശ്ചിതമാണ്. എത്ര ഭൂരിപക്ഷം എന്നേ അറിയാനുള്ളൂ.
അതുപോലെ അയോധ്യ ക്ഷേത്രം നില്‍ക്കുന്ന പ്രദേശം ഉള്‍പ്പെട്ട ഫെയ്സാബാദ് മണ്ഡലവും ശ്രദ്ധാകേന്ദ്രമാകുന്നു. ഇവിടെ ബിജെപിയുടെ ലല്ലു സിങ്ങ് മൂന്നാം ജയം തേടി മത്സരിക്കുകയാണ്. അയോധ്യ പ്രാണപ്രതിഷ്ഠ ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ ലല്ലു സിങ്ങിന്റെ ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. യുപിയിലെ ലക്നൗ, അയോധ്യാക്ഷേത്രം നില്‍ക്കുന്ന ഫെയ്സാബാദ്, റായ്ബറേലി, കെ സർഗഞ്ച്, അമേഠി എന്നി മണ്ഡലങ്ങളും ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തും. കഴിഞ്ഞ തവണ ഈ 14 മണ്ഡലങ്ങളിൽ ബിജെപി പതിമൂന്നും നേടിയിരുന്നു.
മഹാരാഷ്‌ട്രയില്‍ എന്‍സിപി-എന്‍സിപി, ശിവസേന-ശിവസേന പോരാട്ടം
മഹാരാഷ്‌ട്രയിലെ പതി മൂന്ന് സീറ്റുകളിലും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തിൽ നടന്നത്. ഒരു വശത്ത് ഷിന്‍ഡേ ശിവസേനയും ഉദ്ധവ് താക്കറേ ശിവസേനയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ശരദ് പവാര്‍ ശിവസേനയും അജിത് പവാര്‍ ശിവസേനയും തമ്മില്‍ മാറ്റുരയ്‌ക്കുന്നു. അതില്‍ കല്യാണിലും താനേയിലും രണ്ട് ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശ്രദ്ധേയം. നരേഷ് മാസ്കേ ശ്രീകാന്ത് ഷിന്‍ഡേ എന്നിവരാണ് കല്യാണിലും താനെയിലും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍.
ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്ത മാക്കിയിട്ടുണ്ട്. ഒമര്‍ അബ്ദുള്ളയും സജ്ജാദ് ലോണും തമ്മിലാണ് ഇവിടെ മത്സരം. ബിജെപി മത്സരരംഗത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: