തൃശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറി നല്‍കിയതായി പരാതി. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് പരാതി. സംഭവത്തില്‍ ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. ഈ മാസം മൂന്നിനായിരുന്നു സംഭവം. ഡോക്ടര്‍ എഴുതിയ ഗുളിക ഫാര്‍മസിസ്റ്റ് മാറി നല്‍കുകയായിരുന്നു.
മുണ്ടിനീരിനെ തുടര്‍ന്നാണ് വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടിയുമായി കുടുംബം ചികിത്സയ്ക്ക് എത്തിയത്. അവിടെനിന്ന് ലഭിച്ച മരുന്ന് കുട്ടി അഞ്ചുദിവസം കഴിക്കുകയും ചെയ്തു. ഇതോടെ കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളാവുകയും, തുടര്‍ന്ന് കാരിക്കുളം എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. അവിടെ വെച്ചാണ് കുട്ടി കഴിച്ചിരുന്ന മരുന്നും പ്രിസ്ക്രിപ്ഷനും തമ്മില്‍ ഒത്തു നോക്കിയത്. ഇതോടെ കുട്ടി വേദനയുടെ ഗുളികയ്ക്ക് പകരം കഴിച്ചിരുന്നത് പ്രഷറിന്റെ ഗുളികയാണെന്ന് കണ്ടെത്തി.
കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍മാര്‍ കുട്ടിക്ക് വിദഗ്ധ ചികിത്സ നല്കി. തുടര്‍ന്നാണ് പിതാവ് ഡിഎംഒയ്ക്കും മെഡിക്കല്‍ സൂപ്രണ്ടിനും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കാന്‍ ഡിഎംഒ നിര്‍ദ്ദേശിക്കുകയായിരുന്നു. മൂന്നു ദിവസത്തെ ചികിത്സക്കുശേഷമാണ് കുട്ടിക്ക് ആരോഗ്യനില മെച്ചപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: