വളാഞ്ചേരി: കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ച് റോഡിലേക്ക് ഇറങ്ങി ആശുപത്രിയിലേക്ക് പോകാനാകാതെ കാര്‍ ചെളിയില്‍ പുതഞ്ഞതോടെ നഷ്ടമായത് ഒരു ജീവന്. വളാഞ്ചേരി എടയൂര്‍ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലില്‍ താമസിക്കുന്ന വലാര്‍ത്തപ്പടി കരിമ്പനത്തൊടുവില് പരേതനായ വടക്കേപീടിയേക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകന് സെയ്താലിയാണ് (50) മരിച്ചത്.
തിണ്ടലത്തുള്ള കുന്നിലെ മണ്ണ് ദേശീയപാത 66-ന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുകയാണ്. ദിവസങ്ങളായി കുന്നിലെ മണ്ണ് ഇടിച്ചെടുത്ത് പണി നടക്കുന്ന വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇങ്ങനെ ഇടിച്ചിട്ട മണ്ണ് ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ പൂര്‍ണമായും വളാഞ്ചേരി- കരേക്കാട് റോഡിലേക്ക് ഒഴുകിയെത്തി റോഡ് മൂടി. റോഡില്‍ ചെളിമണ്ണ് പൂര്‍ണമായും നിറഞ്ഞു. ഇതിനിടെയാണ് സെയ്താലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനായി നമ്പൂതിരിപ്പടിയില്നിന്ന് കാറില്‍ ഇതുവഴി കൊണ്ടുവന്നത്. റോഡിന്റെ അവസ്ഥയറിയാതെ മുന്നോട്ടുപോയ കാര്‍ കെട്ടിനിന്ന ചെളിയില്‍ താഴ്ന്നു.
അര്‍ധരാത്രിയായതിനാല്‍ സഹായത്തിനായി ആളെ കിട്ടിയില്ല. ഒടുവില്‍ പ്രദേശത്തെ ഒരു ഓട്ടോ വിളിച്ചുവരുത്തി കാറില്‍നിന്ന് രോഗിയെ മാറ്റി മറ്റൊരു വഴിയിലൂടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. അരമണിക്കൂറോളമാണ് പാഴായത്. വഴിയില്‍വെച്ചുതന്നെ രോഗി മരിച്ചതായി ഡോക്ടര്‍ പറഞ്ഞു.
മക്കള്‍: റിയാസ്, റസല്‍, ഡോ. രസ്മില. സഹോദരങ്ങള്‍: പരേതനായ ബഷീര്‍, ബാപ്പുട്ടി, ലത്തീഫ്, ഷെരീഫ്, മുജീബ്, ഷാഹിദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: