ന്യൂദല്‍ഹി: ഇറാനിലെ ഛബഹാര്‍ തുറമുഖം പത്തു വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ലഭിച്ചത് ഭാരതത്തിന് വലിയ നേട്ടമാകും. തന്ത്രപരമായും പ്രാധാന്യമുള്ള തുറമുഖമാണിതെന്നതാണ് കാരണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ വിജയം കൂടിയാണിത്.
ഇറാനിലെ സിസ്താന്‍ ബലൂചിസ്ഥാന്‍ മേഖലയിലുള്ള ആഴക്കടല്‍ തുറമുഖമാണ് ഛബഹാര്‍. ഭാരതത്തോട് ഏറ്റവും അടുത്തുള്ള ഇറാനിയന്‍ തുറമുഖം. വളരെ എളുപ്പത്തില്‍ കൂറ്റന്‍ ചരക്കു കപ്പലുകള്‍ക്ക് എത്താന്‍ കഴിയുന്ന കടല്‍ മേഖല.
2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനക്കാലത്താണ് തുറമുഖം അന്താരാഷ്ട്ര ചരക്ക്, യാത്രാ ഇടനാഴിയായി വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പിട്ടത്. ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലായിരുന്നു കരാര്‍. ഇറാനുമായി ചേര്‍ന്ന് ഭാരതമാണ് ഇത് വികസിപ്പിക്കുന്നത്. ഷഹീദ് ബഹസ്ഥി ടെര്‍മിനലാണ് ആദ്യത്തേത്.
ഇതിനകം ഭാരതം ആറ് മൊബൈല്‍ ക്രെയിനുകളും (രണ്ട് 140 ടണ്‍ ശേഷിയുള്ളവയും നാല് 100 ടണ്ശേഷിയുള്ളവയും) 25 ദശലക്ഷം യുഎസ് ഡോളര്‍ വിലയുള്ള മറ്റുപകരണങ്ങളും ഇവിടെ സ്ഥാപിക്കാന്‍ ഇറാന് നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ളോബല്‍ ലിമിറ്റഡ് എന്ന കമ്പനി തങ്ങളുടെ സബ്സിഡിയറിയായ ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ലോബല്‍ ഛബഹാര്‍ ഫ്രീ സോണ്‍ വഴി 2018ല്‍ ഇവിടെ പ്രവര്‍ത്തനവും തുടങ്ങി.
ഇതിനകം 90,000 ടിഇയു കണ്ടൈനറുകളും 8.8 മില്ല്യന്‍ മെട്രിക് ടണ്‍ ചരക്കുകളും കൈകാര്യം ചെയ്തു കഴിഞ്ഞു. കൊവിഡ് കാലത്ത് മനുഷ്യത്വപരമായ സഹായങ്ങളും ഭാരതം ഛബഹാര്‍ വഴി എത്തിച്ചു. ഇതിനകം 2000 ടണ്‍ ധാന്യങ്ങളും 25 ലക്ഷം ടണ്‍ ഗോതമ്പും ഭാരതം ഛബഹാര്‍ വഴി അഫ്ഗാനിസ്ഥാന് നല്കി. ഇറാനിലെ വെട്ടുക്കിളി ശല്യം ഉന്മൂലനം ചെയ്യാന്‍ ഭാരതം ഇറാന് 40,000 ടണ്‍ മാലത്തിയോണ്‍ എത്തിച്ചതും ഈ തുറമുഖം വഴിയാണ്.
2023 ആഗസ്തില്‍ ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന് പ്രസിഡന്റ് റെയ്സിയുമായി ദീര്‍ഘകാല കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തുറമുഖം പ്രവര്‍ത്തിപ്പിക്കാന്‍ ഭാരതത്തിന് ദീര്‍ഘകാല കരാര്‍ നല്കാന് തത്വത്തില്‍ തീരുമാനിച്ചത്. അത് പ്രാവര്‍ത്തികമായി.
ഭാരത കമ്പനിയായ ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ളോബല്‍ ലിമിറ്റഡ് തുറമുഖം കൂടുതല്‍ വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കും. അവര്‍ 120 ദശലക്ഷം യുഎസ് ഡോളറാകും ഇവിടെ നിക്ഷേപിക്കുക. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് ഭാരതം 250 ദശലക്ഷം ഇന്ത്യന്‍ രൂപയുടെ വായ്പ്പയും അനുവദിക്കും. ചൈനയ്ക്കും പാകിസ്ഥാനും അടുത്തുള്ള തുറമുഖം പത്തു വര്‍ഷത്തേക്ക് ഭാരതത്തിന് കിട്ടുന്നത് തന്ത്രപരമായി വലിയ നേട്ടം തന്നെയാണ്. ഒപ്പം മോദി സര്‍ക്കാരിന്റെ വലിയ വിജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: