ന്യൂദല്‍ഹി: അദ്വൈത ദര്‍ശനത്താല്‍ ഭാരതത്തെ ഏകീകരിച്ച പുണ്യാത്മാവാണ് ശങ്കരാചാര്യ സ്വാമികള്‍ എന്ന് ഋഷികേശിലെ പരമാര്‍ത്ഥ നികേതന്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദസരസ്വതി. ആദിശങ്കരാചര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം ‘അദ്വൈതശങ്കരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടിയില്‍ ജനിച്ച അദ്ദേഹം ഭാരതം മുഴുവന്‍ സഞ്ചരിച്ച് സനാതന ധര്മത്തിന് ശക്തി പകര്‍ന്നു.
ആദിശങ്കരനെ പോലെയുള്ള യുഗപുരുഷന്മാരുടെ ജന്മംകൊണ്ട് പവിത്രമായ ഭൂമിയാണ് ഭാരതം. ഈ സെല്‍ഫി യുഗത്തില്‍ സ്വയം തിരിച്ചറിവ് നേടുകയെന്നത് വളരെ സുപ്രധാനമാണ്. അതിന് നമുക്ക് ശങ്കരാചാര്യ കൃതികളെ ആശ്രയിക്കാവുന്നതാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദൈ്വതശങ്കരം ചെയര്മാന് ജി. അശോക് കുമാര്‍ അധ്യക്ഷനായി.
ഭാരതത്തിന് ആത്മീയ ഉണര്‍വേകിയ മഹാപുരുഷനാണ് ശങ്കരാചാര്യരെന്ന് മാതാ അമൃതാനന്ദമയിമഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശങ്കരാചാര്യരെ കൂടുതല്‍ അറിയേണ്ട കാലം അതിക്രമിച്ചതായി മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. യുഗങ്ങളായി സംന്യാസി പരമ്പരകളാണ് ഈ സനാതന ധര്‍മത്തെ നിലനിര്‍ത്തിയത്. ശങ്കരാചാര്യര്‍ ഒരുമിച്ച് നിര്‍ത്തിയ ഭാരതത്തെ ഒരുമിച്ച് നിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
മാതാ അമൃതാനന്ദമയിമഠം ദല്‍ഹി അധ്യക്ഷന്‍ സ്വാമി നിജാമൃതാനന്ദപുരി, ആര്‍എസ്എസ് ദല്‍ഹി സംഘചാലക്ഡോ. അനില്‍ അഗര്‍വാള്‍, ജനസേവന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേജ, അറ്റോര്‍ണി ജനറല്‍ ആര്. വെങ്കട്ട രമണി, ഡോ. ശ്രീനിവാസന് തമ്പുരാന്, എസ്.കെ. നായര്‍, എന്നിവര്‍ സംസാരിച്ചു. ഡോ. ഗൗരിപ്രിയ സോമനാഥും സംഘവും അവതരിപ്പിച്ച വന്ദേശങ്കരവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: