തൃശൂര്‍: സുരേഷ് ഗോപി ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നും കണക്കുകൂട്ടല്‍ . തൃശൂര്‍, ഇരിങ്ങാലക്കുട, നാട്ടിക നിയോജകമണ്ഡലങ്ങളിലെ വന്‍മുന്നേറ്റമായിരിക്കും സുരേഷ് ഗോപിയുടെ വിജയത്തിന് ചുക്കാന്‍ പിടിക്കുക
ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ കണക്കുകൂട്ടലില്‍ ഹിന്ദുവോട്ടുകളുടെ ആധിക്യമുള്ള തൃശൂര്‍ നിയോജകമണ്ഡലത്തില്‍ 10,000 വോട്ടുകളുടെ വരെ മുന്നേറ്റം സുരേഷ് ഗോപി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍തൂക്കമുള്ള തീരദേശമണ്ഡലമായ നാട്ടികയില്‍ ഏകദേശം അയ്യായിരം വോട്ടുകളുടെ മുന്നേറ്റം സുരേഷ് ഗോപിയ്ക്കുണ്ടാകും. കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് കത്തിനില്‍ക്കുന്ന കരുവന്നൂരിലും സുരേഷ് ഗോപിക്ക് അനുകൂലമായി ഇടത് പക്ഷ വോട്ടുകള്‍ വരെ വീഴുമെന്ന് കണക്കാക്കുന്നു. ഇവിടെയും സുരേഷ് ഗോപി 5,000 വോട്ടുകളുടെ വരെ ഭൂരിപക്ഷത്തിന് മുന്നേറും. അങ്ങിനെയാണ് 20,000 ഭൂരിപക്ഷത്തിന്റെ കണക്ക് വരുന്നത്.
മണലൂര്‍, പുതുക്കാട് മണ്ഡലങ്ങളിലും സുരേഷ് ഗോപി നേരിയ മുന്നേറ്റം ഇക്കുറി നടത്തുമെന്ന പ്രതീക്ഷയുണ്ട്. ഏകദേശം 1275 ബൂത്തുകളുടെ കണക്കാണ് പരിശോധിച്ചത്. 2019ല്‍ സുരേഷ് ഗോപിയ്ക്ക് 2,93,822 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ടി.എന്‍.പ്രതാപന് 4,15,089 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരനായ സിപിഐയുടെ രാജാജി 3,21,456 വോട്ടുകളും നേടി.
ഇത്തവണ 60,000 മുതല്‍ ഒരു ലക്ഷം വരെ അധികവോട്ടുകള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ പുതുതായി ചേര്‍ത്ത 65,000 വോട്ടുകളില്‍ 60,000 പേരും വോട്ടുചെയ്തിട്ടുണ്ടെന്നും ഇതില്‍ നല്ലൊരു ശതമാനം സുരേഷ് ഗോപിയ്ക്ക് അനുകൂലമാവുമെന്നും പ്രതീക്ഷയുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തൃശൂര്‍ മണ്ഡലത്തിലെ സാന്നിധ്യമാണ് സുരേഷ് ഗോപിയുടെ പ്ലസ് പോയിന്റ്. നിരവധി സാമൂഹ്യ സേവനങ്ങള്‍ ഇക്കാലയളവില്‍ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. ഇതില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കും സഹായമെത്തിച്ചിട്ടുണ്ട്. അതുപോലെ പൊതുവായ സാമൂഹ്യവികസന പരിപാടികള്‍ വേറെയും നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാമുള്ള വോട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. 2019ല്‍ തന്നെ തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ മണ്ഡലങ്ങളില്‍ 30,000 മുതല്‍ മുകളിലേക്ക് വോട്ടുകള്‍ ലഭിച്ചിട്ടുള്ളതുമാണ്.
തൃശൂര്‍ മണ്ഡലത്തില്‍ മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്. ഇത് മുരളീധരന് അനുകൂലമായാണ് പോയിരിക്കുന്നതെന്ന് കരുതുന്നു. ഇതാണ് സുനില്‍ കുമാറിന് ക്ഷീണമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: